വെള്ളിയാർപ്പുഴയിൽ ചരിഞ്ഞ പിടിയാന നാടിന്റെ നൊമ്പരമാകുന്നു. സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ വായിൽ വച്ച് പൊട്ടിത്തെറിച്ചാണ് പിടിയാനയ്ക്ക് അപകടമുണ്ടായത്. വെറും 15 വയസ് മാത്രം പ്രായമുളള പിടിയാന ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ വായിൽ വച്ചതും പൊട്ടിത്തെറിച്ചു. ഇത് മേൽത്താടി തകർത്തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുഖത്തെ മുറിവിൽ ഈച്ചയും മറ്റ് പ്രാണികളും വരാതിരിക്കുന്നതിനായി ആന പുഴയിലെ വെള്ളത്തിലിറങ്ങി നിൽക്കുകയായിരുന്നു. നാവും വായും പൂർണമായും തകർന്ന നിലയിലായിരുന്നു.

കഴിഞ്ഞ മാസം 28നാണ് സൈലന്റ് വാലി മേഖലയിൽ നിന്ന് ഭക്ഷണം തേടി പിടിയാന നാട്ടിലേക്ക് ഇറങ്ങിയത്. രണ്ട് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചുവെങ്കിലും പിടിയാനയുടെ ജീവൻ രക്ഷിക്കാനായില്ല. 

കാട്ടുപന്നിയുടെ ശല്യമൊഴിവാക്കാനായി കർഷകർ ഇത്തരത്തിൽ കെണി വയ്ക്കാറുണ്ട്. കർഷകരെ കേന്ദ്രീകരിച്ചും കാട്ടുമൃഗങ്ങളെ വേട്ടയാടുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.