കണ്ണൂര്‍ ജില്ലയില്‍ ഒരുവിഭാഗം സ്വകാര്യബസുകള്‍ സര്‍വീസ് അവസാനിപ്പിക്കുന്നു. ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍പോലും പണം ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ഉടമകള്‍. പൊതുഗതാഗ സംവിധാനങ്ങളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞത് ബസ് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നു.
ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം പ്രതിക്ഷയോടെയായിരുന്നു യാത്ര ആരംഭിച്ചത്. സാഹചര്യങ്ങള്‍ ഒട്ടും അനുകൂലമല്ല. രോഗഭീതിയില്‍ യാത്രക്കാരുടെ എണ്ണം നന്നേ കുറഞ്ഞു. അന്‍പത് ശതമാനം ചാര്‍ജ് വര്‍ധിപ്പിച്ച ഘട്ടത്തില്‍ ലഭമില്ലെങ്കിലും, കൈനഷ്ടമില്ലാതെ ബസ് ഓടിക്കാന്‍ നടത്താന്‍ സാധിച്ചിരുന്നു. വര്‍ധന പിന്‍വലിച്ചതോടെ പ്രതിസന്ധി രൂക്ഷമായി.
കൂടുതല്‍ ബസുകള്‍ നിരത്തില്‍ ഇറങ്ങിയതും വരുമാനത്തില്‍ ഇടിവുണ്ടാക്കി. ചെലവിനുള്ള പണം പോലും ലഭിക്കാതെയാണ് ഇപ്പോള്‍ ബസുകളുടെ യാത്ര. ഇതോടെയാണ് ഒരു വിഭാഗം ഉടമകള്‍ സര്‍വീസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. തളിപ്പറമ്പ്, പയ്യന്നൂര്‍ റൂട്ടുകളിലാണ് താരതമ്യേന സര്‍വീസുകള്‍ കൂടുതലുള്ളത്. കോര്‍പറേഷന്‍ പരിധിയിലും, മലയോരമേഖലയിലും സ്വകാര്യബസുകള്‍ നന്നേ കുറഞ്ഞു. ദീര്‍ഘദൂരബസുകളും കാര്യമായി സര്‍വീസ് നടത്തുന്നില്ല.