തിരുവനന്തപുരത്തു നിന്ന് ഇപ്പോള്‍ പതിമൂന്നുമണിക്കൂര്‍ ട്രെയിനിലിരുന്ന് മുഷിയുന്നവര്‍ക്ക് വെറും നാലുമണിക്കൂര്‍ കൊണ്ട് കാസര്‍കോട്ട് എത്താനായാലോ? ഒമ്പതുമണിക്കൂറാണ് ലാഭം. തിരുവനന്തപുരത്തു നിന്ന് എറണാകുളം വരെ ആയാല്‍ പോലും വെറും ഒന്നരമണിക്കൂര്‍. വെള്ളിടി പോലെ ഈ സില്‍വര്‍ ലൈന്‍ പോകുന്ന വഴിയും സ്റ്റേഷനുകളും അറിയാം. 

 

പദ്ധതി എന്ത്?

 

കേരള ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ പദ്ധതിയാകും സില്‍വര്‍ലൈന്‍ എന്ന് പേരിട്ടിരിക്കുന്ന തെക്കു–വടക്ക് വേഗ റയില്‍പാത. മന്ത്രിസഭ അനുമതി നല്‍കിയ വിശദപദ്ധതി റിപ്പോര്‍ട്ട് പ്രകാരം 63941 കോടി രൂപയാണ് ആകെ ചെലവ്. മുമ്പ് 1.25 ലക്ഷം കോടി മുടക്കില്‍ അതിവേഗ റയില്‍പാത പണിയാനുള്ള പദ്ധതി പാഴായിപ്പോയിരുന്നു. കൊച്ചുവേളി മുതല്‍ കാസര്‍കോട് വരെ 529.45 കിലോമീറ്ററാണ് പാതയുടെ നീളം. കിലോമീറ്ററിന് രണ്ടുരൂപ 75 പൈസവച്ച് യാത്രക്ക് ചെലവാകും. 1450 രൂപയ്ക്ക് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് വരെ എത്താം എന്നാണ് കണക്ക്. വേഗ റയില്‍പാതയിലൂടെ ട്രെയിനില്‍ ചരക്കുലോറികള്‍ കടത്തിവിടുന്നതും ചെറുപട്ടണങ്ങളില്‍ നിര്‍ത്തുന്ന ചെറിയ ട്രെയിനുകള്‍ ഓടിക്കുന്നതും പരിഗണനയിലുണ്ട്.

 

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് യാത്ര. തുടക്കത്തില്‍ ആറ് ബോഗികളും പിന്നീട് 12 ബോഗികളുമുള്ള ട്രെയിന്‍ ഓടിക്കും. സൗരോര്‍ജം പരമാവധി ഉപയോഗിക്കുന്ന പദ്ധതിയില്‍ പാതയിലുടനീളവും സ്റ്റേഷന്‍ അടക്കമുള്ള കെട്ടിടങ്ങള്‍ക്ക് മുകളിലും സോളര്‍പാനലുകള്‍ സ്ഥാപിക്കും. വൈദ്യുതി ഉപയോഗിച്ചുള്ള പൊതുഗതാഗത സംവിധാനം സ്റ്റേഷനുകളില്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്. വൈദ്യുതവാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനും പാര്‍ക്ക് ചെയ്യാനും സ്റ്റേഷനുകളില്‍ സൗകര്യമുണ്ടാകും. പ്രതിദിനം 67740 യാത്രക്കാരെയാണ്  പ്രതീക്ഷിക്കുന്നത്. 

 

പണം എങ്ങനെ?

 

ആകെ പദ്ധതിചെലവില്‍ 33700 കോടിരൂപ വായ്പയെടുക്കാനാണ് തീരുമാനം. ജെയ്ക്ക അടക്കമുള്ള വിദേശ ഏജന്‍സികളെ ഇതിനായി സമീപിക്കും. വായ്പ ലഭ്യമാക്കുന്നതിന് ജെയ്ക്കയുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഒഫീഷ്യല്‍ ഡവലപ്മെന്റ് അസിസ്റ്റന്‍സ് റോളിങ് പ്ലാന്‍ പ്രകാരമാണ് ജയ്ക്ക ഇന്ത്യയില്‍ പദ്ധതികള്‍ക്കായി പണം മുടക്കുന്നത്. ഇതില്‍ പെടുന്ന പദ്ധതികളുടെ പട്ടിക കേന്ദ്രധനമന്ത്രാലയത്തിലെ ഡിപ്പാര്‍ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സിലുണ്ട്. ഈ പട്ടികയില്‍ ഇപ്പോള്‍ സില്‍വല്‍ ലൈനിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  വായ്പയെടുത്ത ശേഷം വേണ്ടിവരുന്ന തുക കേന്ദ്രവും സംസ്ഥാനവും കൂടി മുടക്കാനാണ് പദ്ധതി. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് മാറിയ സാമ്പത്തികസാഹചര്യങ്ങളില്‍ ഇത് എത്രത്തോളം പ്രായോഗികമാണ് എന്നതില്‍ സംശയമുണ്ട്.

 

പദ്ധതി ചെലവിന്റെ വലിയൊരു ഭാഗം ഭൂമിയേറ്റെടുക്കുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും വേണ്ടിവരും. ഇതിനു മാത്രം 13000 കോടിരൂപ വേണം. പതിനായിരത്തോളം വീടുകളെ പദ്ധതി ബാധിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ചെലവ് കുറയ്ക്കാനായി ദേശീയപാതയില്‍ നിന്നകന്ന്, ആള്‍ത്താമസം പരമാവധി കുറവുള്ള ഭൂമിയാകും പദ്ധതിക്ക് ഏറ്റെടുക്കുന്നത്. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് സില്‍വര്‍ ലൈനിനോട് അനുബന്ധിച്ച് ജോലി നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. 

 

തുടര്‍നടപടികള്‍ എന്തൊക്കെ?

 

നീണ്ട നടപടിക്രമമാണ് സില്‍വര്‍ ലൈനിനെ കാത്തിരിക്കുന്നത്. ഡിപിആറും അലൈന്‍മെന്റും സംസ്ഥാന മന്ത്രിസഭായോഗം അംഗീകരിച്ചത് വ്യക്തമാക്കി ഇനി സംസ്ഥാനസര്‍ക്കാര്‍ ഉത്തരവ് ഇറക്കും. തുടര്‍ന്ന് ഡിപിആര്‍ റയില്‍ മന്ത്രാലയത്തിന് നല്‍കി അനുമതി വാങ്ങും. തുടര്‍ന്ന് നീതി ആയോഗ്, ധനമന്ത്രാലയം, കേന്ദ്രമന്ത്രിസഭായോഗം തുടങ്ങിവയുടെ അനുമതി. എല്ലാം കൂടി ആറുമാസം കൊണ്ട് പൂര്‍ത്തിയാക്കി നിര്‍മാണം തുടങ്ങാനാണ് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനത്തെ റയില്‍വികസനത്തിനായി രൂപീകരിച്ച കമ്പനിയായ കെ.ആര്‍.ഡി.സി.എല്‍ കണക്കുകൂട്ടിയിരിക്കുന്നത്. ഇതിനകം വായ്പയും ലഭിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. കോവിഡിനെ തുടര്‍ന്നുള്ള മാറിയ സാഹചര്യത്തില്‍ ഇപ്പറഞ്ഞ അനുമതികളൊക്കെ ആറുമാസത്തിനകം ലഭിക്കുമോയെന്നാണ് അറിയേണ്ടത്.