കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ നടത്തണമെന്ന ആവശ്യത്തിന് പിന്തുണയുമായി ക്രിക്കറ്റ് താരങ്ങളും. കൊച്ചിയിലെ കാണികള്‍ക്ക് മുമ്പില്‍ കളിക്കുന്നത് വലിയ അനുഭവമായിരിക്കുമെന്ന് കേരള ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി പറഞ്ഞു. എറണാകുളം സ്വദേശിയായ ഇന്ത്യന്‍ താരം ബേസില്‍ തമ്പിയും കൊച്ചിയില്‍ രാജ്യാന്തര ക്രിക്കറ്റ് വരണമെന്ന പക്ഷക്കാരനാണ്.

ഇന്ത്യ ഓസ്ട്രേലിയ മല്‍സരത്തില്‍ ബോള്‍ ബോയ് ആയും രഞ്ജി ട്രോഫിയില്‍ കേരള താരമായും ഒക്കെ കലൂര്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയിട്ടുള്ള സച്ചിന്‍ ബേബി ഇവിടെ രാജ്യാന്തര ക്രിക്കറ്റ് തിരികെ വരാനുള്ള കാത്തിരിപ്പിലാണ്. ആഭ്യന്തര മല്‍സരങ്ങള്‍ക്കിടെ മറ്റ് സംസ്ഥാനങ്ങളിലെ താരങ്ങള്‍ അന്വേഷിക്കാറുള്ളതും കലൂര്‍ സ്റ്റേഡിയത്തെ പറ്റിയും അവിടുത്ത നിറഞ്ഞു കവിഞ്ഞ ഗാലറികളെ കുറിച്ചുമാണെന്ന് സച്ചിന്‍ പറയുന്നു.

സച്ചിന്‍ ബോളു കൊണ്ട് മാജിക് കാണിച്ച കലൂരില്‍ കളിക്കുകയെന്നത് ഏറെ വൈകാരിപരമായ വിഷയമാണെന്ന് ഇന്ത്യന്‍ താരം ബേസില്‍ തമ്പി. എറണാകുളംകാരന്‍ എന്ന നിലയിലും കലൂരില്‍ വീണ്ടും ക്രിക്കറ്റ് വരാന്‍ കാത്തിരിക്കുകയാണ്. കൊച്ചിയില്‍ വീണ്ടും ക്രിക്കറ്റ് മല്‍സരങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെസിഎ ജിസിഡിഎയ്ക്ക് കത്ത് നല്‍കിയിരുന്നു. കേരള ഫുട്ബോള്‍ അസോസിയേഷനും ക്രിക്കറ്റ് നടത്തുന്നതിനോട് അനുകൂലനിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.