Jose K Mani, PJ Joseph

കോട്ടയം ജില്ലാ പഞ്ചായത്ത് അധികാര കൈമാറ്റത്തില്‍ ജോസ് ജോസഫ് പക്ഷങ്ങള്‍ പിടിവാശി തുടരവെ പോംവഴികണ്ടെത്താനാകാതെ വഴിമുട്ടി യുഡിഎഫ്. നേതൃത്വത്തിന്‍റെ രാജി നിര്‍ദേശം തള്ളിയ ജോസ് വിഭാഗത്തെ മുന്നണിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിലപാടിലാണ് പി.ജെ. ജോസഫ്. മുന്നണി വിടില്ലെന്ന് ആവര്‍ത്തിക്കുന്ന ജോസ് വിഭാഗം തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പുകളിലെ സീറ്റ് ധാരണയ്ക്കായി അവസരം പ്രയോജനപ്പെടുത്തുകയാണ്.

യുഡിഎഫില്‍ കൈകോര്‍ത്ത് നില്‍ക്കാനുള്ള മാനസികാവസ്ഥയിലല്ല കേരളകോണ്‍ഗ്രസ് ജോസ് ജോസഫ് വിഭാഗങ്ങള്‍. മറുവിഭാഗത്തെ മുന്നണിക്കുള്ളില്‍ നിന്ന് പുകച്ചുപുറത്തുച്ചാടിക്കാനുള്ള വഴികള്‍ തിരയുകയാണ് ഇരു നേതൃത്വവും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ലഭിക്കാവുന്ന സീറ്റുകളില്‍ തന്നെയാണ് കണ്ണ്. മറുഭാഗം മുന്നണിക്ക് പുറത്തായാല്‍ കൂടുതല്‍ സീറ്റുകളില്‍ അവകാശവാദം ഉന്നയിക്കാം. ഈ ലക്ഷ്യത്തിലേക്കുള്ള ഒളിയമ്പാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം. പ്രസിഡന്‍റ് സ്ഥാനം വിട്ടുനല്‍കണമെന്ന യുഡിഎഫ് നേതൃത്വം ഒന്നായി ആവശ്യപ്പെട്ടിട്ടും ജോസ്.കെ. മാണി വഴങ്ങിയില്ല. തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പുകളിലെ സീറ്റ് സംബന്ധിച്ച് രേഖാമൂലം ഉറപ്പ് വേണമെന്നാണ് ആവശ്യം.

യുഡിഎഫ് ധാരണ ലംഘിച്ച ജോസിനെയും കൂട്ടരെയും മുന്നണിക്ക് പുറത്താക്കാനുള്ള സമ്മര്‍ദതന്ത്രത്തിലേക്ക് ജോസഫ് കടന്നു. നേതാക്കളുടെ ബാഹുല്യമുള്ളതുകൊണ്ടുതന്നെ സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചയ്ക്ക് പോലും തയ്യാറല്ലെന്നാണ് പിജെയുടെ നിലപാട്. എതിരാളികളെ ഒതുക്കാനുള്ള അവസരമായി അധികാരകൈമാറ്റം വിഷയമാക്കിയതോടെ യുഡിഎഫും ത്രിശങ്കുവിലായി. കേരള കോണ്‍ഗ്രസ് സീറ്റുകളില്‍ ഇപ്പോള്‍ ധാരണയുണ്ടാക്കിയില്ലെങ്കില്‍ പിന്നീട് അത് കീറാമുട്ടിയാകുമെന്നും നേതൃത്വത്തിന് അറിയാം