നാലരമാസമായി യമനില്‍ കുടുങ്ങിയ മലയാളിയുടെ മോചനവും കാത്ത് ഒരു കുടുംബം. കോഴിക്കോട് വടകര കുരിയാടി സ്വദേശി ടി.കെ പ്രവീണിനായാണ് കുടുംബത്തിന്റെ കാത്തിരിപ്പ്. പ്രവീണ്‍ ക്യാപ്റ്റനായ ഫെറി ബോട്ട് സൗദിയിലേക്കുള്ള യാത്രക്കിടെ തീവ്രവാദികളുടെ കയ്യില്‍ അകപ്പെടുകയായിരുന്നു. പ്രവീണ്‍ ഉള്‍പ്പടെ 23 പേരാണ് മൂന്നു ബോട്ടുകളിലായി ഉള്ളത്.
സൗദിയിലേക്കുള്ള യാത്രക്കിടെ കഴിഞ്ഞ ഫെബ്രുവരി 14 നാട് ഫെറി ബോട്ട് ക്യാപ്റ്റനായ വടകര കുരിയാടി സ്വദേശി പ്രവീണും സഹപ്രവര്‍ത്തകരും തീവ്രവാദികളുടെ കൈയ്യില്‍പ്പെടുന്നത്. ഒമാനില്‍ നിന്നുള്ള യാത്രക്കിടെ യെമന്‍ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെന്നായിരുന്നു ആദ്യം കിട്ടിയ വിവരം.പിന്നീട് പ്രവീണ്‍ വിളിച്ചുപറഞ്ഞത് തീവ്രവാദികളുടെ കൈയ്യില്‍ അകപ്പെട്ടെന്നാണ്. പിടിയിലായ ശേഷം ആറു തവണ പ്രവീണ്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു.മോചനദ്രവ്യം ആവശ്യപ്പെട്ടെന്നാണ് പറഞ്ഞത്. പ്രവീണിന്റെ ബോട്ട് കൂടാതെ മൂന്ന് ബോട്ടുകളാണ് തീവ്രവാദികളുടെ കൈയിലുള്ളത്.യാത്രക്കാരെ വിടാന്‍ തീരുമാനിച്ചെങ്കിലും ബോട്ടുകള്‍ വീട്ടുതരണമെന്ന് ബോട്ടുടമകള്‍ പറഞ്ഞതോടെ ചര്‍ച്ച വഴിമുട്ടി.
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കുടുംബം നിവേദനം നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് മോചനം സാധ്യമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.