കോവിഡാനന്തര ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളജ് ആശുപത്രിക്ക് ജില്ലയിൽ വാതിൽ തുറക്കാനൊരുങ്ങുന്നു.  ഓഗസ്റ്റ് പകുതിയോടെ ഒപി  സജ്ജമാകുന്ന കോന്നി മെഡിക്കൽ കോളജ്, രാജ്യത്തെ 543–ാമത്തെയും സംസ്ഥാനത്തെ 33–ാമത്തെയും മെഡിക്കൽ കോളജാണ്. പത്തനംതിട്ട ജില്ലയിൽ നാലാമത്തെയും സർക്കാർ തലത്തിൽ ആദ്യത്തേതുമാകും. 

കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകൾ സ്ഥാപിക്കുന്ന ജോലി എച്ച് എൽ എൽ ചീഫ് പ്രോജക്ട് മാനേജർ ആർ. രതീഷ് കുമാർ, നിർമാതാക്കളായ ഹൈദരാബാദ് നാഗാർജുന കൺസ്ട്രക്‌ഷൻ മാനേജർ കെ. വി. അജയകുമാർ, എച്ച് എൽ എൽ ഡപ്യൂട്ടി പ്രോജക്ട് മാനേജർ രോഹിത് ജോസഫ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

മെഡിക്കൽ കോളജുകളുടെ എണ്ണത്തിൽ പത്തനംതിട്ട ജില്ല ഇതോടെ തിരുവനന്തപുരത്തിനു (5) തൊട്ടു പിന്നിലും  എറണാകുളത്തിനൊപ്പവും എത്തും. വിദ്യാഭ്യാസ ഹബ് എന്ന നിലയിൽ ജില്ലയ്ക്കു സ്റ്റെതസ്കോപ്പ് ചാർത്തുന്ന കോന്നിയിൽ തുടക്കത്തിൽ അൻപതും തുടർന്നു നൂറും മെഡിക്കൽ സീറ്റുകൾ ലഭിക്കുന്നതോടെ  സംസ്ഥാന വൈദ്യപഠന ഭൂപടത്തിൽ ജില്ല ആറാം സ്ഥാനത്തെത്തും. 

കോവിഡ് പോരാട്ടത്തിന് സജ്ജമാക്കും

പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോര മേഖലയും തമിഴ്നാട്ടിലെ ചെങ്കോട്ട താലൂക്കും ഉൾപ്പെടുന്ന വിശാല ഭൂപ്രദേശത്തു താമസിക്കുന്ന 20 ലക്ഷത്തോളം ജനങ്ങൾക്കു ഭാവിയിലെ ഈ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി പ്രയോജനപ്പെടും. മികച്ച ചികിത്സ ഉറപ്പാക്കുന്ന റഫറൽ ആശുപത്രി സൗകര്യമാണ് സാധാരണക്കാരെ സംബന്ധിച്ച ആശ്വാസം.

വേണ്ടത്ര ഫർണിച്ചറും അടിസ്ഥാന സൗകര്യങ്ങളും വൈകാതെ എത്തുന്നതോടെ കോവിഡ് സ്പെഷൽ ആശുപത്രിയാക്കാൻ ബുദ്ധിമുട്ടില്ലെന്ന് അധികൃതർ സൂചിപ്പിച്ചു. വൈദ്യുതി കണക്‌ഷൻ ആശുപത്രി നിരക്കിലേക്കു മാറ്റുകയും ആവശ്യത്തിനു ജലം ഉറപ്പാക്കുകയും ചെയ്താൽ ആശുപത്രി തുറക്കാനാവും.  ബസ് സർവീസ് ആരംഭിക്കാമെന്നു കെഎസ്ആർടിസി ഉറപ്പു നൽകിയിട്ടുണ്ട്. 

സഹ്യാദ്രിയോടു ചേർന്ന് 

കോന്നിയിൽ നിന്ന് 5 കിമീ കിഴക്കുമാറി ജനവാസം കുറവുള്ള ഭാഗത്താണ് പുതിയ ആശുപത്രി. കോന്നി – തണ്ണിത്തോട് റൂട്ടിൽ പാലം കഴിഞ്ഞ് വലത്തേക്കു തിരിഞ്ഞ് കുമ്മണ്ണൂർ റോഡിലൂടെയാണ് എത്തേണ്ടത്. 6 വർഷം നീണ്ട ആദ്യഘട്ട നിർമാണ ജോലികൾ ഉടൻ പൂർത്തിയാകും. കോന്നി ഡിവിഷനിലെ കുമ്മണ്ണൂർ വനമേഖലയുടെ അതിർത്തിയോടു ചേർന്ന പ്രദേശമായതിനാൽ വനം– പരിസ്ഥിതി, കാലാവസ്ഥാ മാറ്റ മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.   

പശ്ചിമഘട്ടത്തിനു വിളിപ്പാടകലെ നിൽക്കുന്ന കോന്നി,  വൈദ്യശാസ്ത്ര പഠനമേഖലയെയും സഹ്യാദ്രിയെയും കൂട്ടിയിണക്കുന്ന കണ്ണിയായി മാറും. പശ്ചിമഘട്ടത്തോട് ഇത്രയും ചേർന്ന് രാജ്യത്തു മറ്റെങ്ങും മെഡിക്കൽ കോളജില്ല. വൈദ്യശാസ്ത്ര ഗവേഷകർ ഭാവിയിൽ തേടിയെത്തുന്ന ഇടമാകും ഇവിടം.

തുടക്കത്തിൽ 75പേർ; ഒപ്പം കോവിഡ് പുനരധിവാസവും 

തുടക്കത്തിൽ പകർച്ചവ്യാധി–പൊതുജനാരോഗ്യ വിഭാഗം, ജനറൽ മെഡിസിൻ, ഇഎൻടി, ഓർത്തോപീഡിക്സ് തുടങ്ങിയ വിഭാഗങ്ങളും ഫാർമസിയും ആരംഭിക്കാനാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതു പകർച്ചവ്യാധികളുടെ വ്യാപനം തടയാൻ  സഹായിക്കും. ഈ വർഷം തന്നെ 50 കുട്ടികൾക്കു പ്രവേശനം നൽകാനാവുമോയെന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിലുമായി ചേർന്ന് ആലോചിക്കും.

300 കിടക്കകളാണ് ആദ്യ ഘട്ടത്തിൽ വിഭാവനം ചെയ്യുന്നത്. ഒപി തുറന്ന ശേഷമുള്ള പുരോഗതി പഠിച്ച ശേഷം 5 മാസത്തിനുള്ളിൽ കിടത്തിച്ചികിത്സയും ആരംഭിക്കും. മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭിക്കണമെങ്കിൽ 21 വൈദ്യശാസ്ത്ര വിഭാഗമെങ്കിലുമുള്ള  ആശുപത്രിയാകണം.

തുടക്കത്തിൽ 15 ഡോക്ടർമാരുൾപ്പെടെ 75 ജീവനക്കാരെ നിയമിക്കും. ഡോ. സി. എസ്. വിക്രമനാണ് പ്രിൻസിപ്പലിന്റെ ചുമതല. കോട്ടയം മെഡിക്കൽ കോളജ് ഏറ്റുമാനൂർ ഉപകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. എസ്. സജിത്കുമാറിനാണു സൂപ്രണ്ടിന്റെ ചുമതല. അടുത്ത മാസമാദ്യം ഇവരുടെ ഓഫിസുകൾ ആശുപത്രിയിൽ താൽക്കാലികമായി തുറക്കും. 

ശുദ്ധവായു നിറച്ച് ഹരിത കെട്ടിടം 

ശുദ്ധവായുവിനു പേരുകേട്ട പത്തനംതിട്ട ജില്ലയുടെ ഹൃദയഭൂമിയായ വനമേഖലയോടു ചേർന്ന് കാറ്റ്, സൂര്യപ്രകാശം, മഴ എന്നിവയുടെ ലഭ്യതയാൽ അനുഗൃഹീതമാണ് ഇവിടം. പരമാവധി ഹരിത ചട്ടം പാലിച്ചാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയതെന്ന് നേതൃത്വം നൽകുന്ന എച്ച്എൽഎൽ ചീഫ് പ്രോജക്ട് മാനേജർ ആർ. രതീഷ് കുമാർ, മാനേജർ അർജുൻ വ്യാസ്, ഡപ്യൂട്ടി പ്രോജക്ട് മാനേജർ രോഹിത് ജോസഫ് തോമസ്, അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ ബി. രതീഷ്, പ്രോജക്ട് എൻജിനീയർ എസ്. സുമി, നിർമാതാക്കളായ ഹൈദരാബാദ് നാഗാർജുന കൺസ്ട്രക്‌ഷൻസ് മാനേജർ കെ.വി.അജയകുമാർ എന്നിവർ പറഞ്ഞു. 

നാലുവരി പാത ഒന്നര കി.മീ തയാർ

ഇവിടേക്കുള്ള വഴികൾ ഉന്നതനിലവാരത്തലാക്കുന്ന ജോലികളും നടക്കുന്നു. നിലവിൽ ഒന്നര കിമീ ഭാഗം നാലുവരിപ്പാതയാക്കി വികസിപ്പിച്ചു. ബാക്കി ഭാഗം വികസിപ്പിക്കേണ്ടിയിരിക്കുന്നു. 

കേരളത്തിലെ മെഡി. സീറ്റുകളുടെ ജില്ല തിരിച്ചുള്ള കണക്ക്‌

തിരുവനന്തപുരം- 600

കൊല്ലം- 360

പത്തനംതിട്ട- 300

ആലപ്പുഴ- 175

കോട്ടയം- 175

 

ഇടുക്കി- 150

എറണാകുളം -410

തൃശൂർ- 375

പാലക്കാട്-‌ 350

മലപ്പുറം -260

 

കോഴിക്കോട്‌ -550

വയനാട്-‌ 150

കണ്ണൂർ- 250

കാസർകോട്‌ - 0

 

ഓരോ ജില്ലയിലെയും നിലവിൽ മെഡിക്കൽ കോളജുകളുടെ എണ്ണം

 

തിരുവനന്തപുരം- 5

കൊല്ലം- 3 

പത്തനംതിട്ട- 3 

ആലപ്പുഴ- 1 

കോട്ടയം- 1 

 

ഇടുക്കി - 1 

എറണാകുളം- 4 

തൃശൂർ- 3

പാലക്കാട്-‌ 3 

മലപ്പുറം- 2 

 

കോഴിക്കോട്-‌ 3 

വയനാട്-‌  1 

കണ്ണൂർ-2 

കാസർകോട്‌  -0