പാമ്പാടി കൂട്ടാല കമ്പനിപ്പടി കടവിൽ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭാരതപ്പുഴയിൽ കാണാതായ കമ്പനിപ്പടി വിജിത് (അമൽജിത്ത് – 22) പാതിരാത്രി വീട്ടിലെത്തി. കാണാതായെന്ന പരാതിയിൽ പൊലീസ് കേസ് എടുത്തതിനാൽ വിഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കി. കോഴിക്കറി വിളമ്പിയതു മതിയാകാത്തതിനാൽ വീട്ടുകാരോടു വഴക്കിട്ടു ചൊവ്വാഴ്ച രണ്ടു മണിയോടെ സുഹൃത്തിനൊപ്പം പുഴക്കരയിലെത്തിയ വിജിത് പുഴയിൽ ചാടുകയായിരുന്നത്രെ. 

ഏറെ നേരമായിട്ടും വിജിത് തിരിച്ചു കയറാതായപ്പോഴാണു സുഹൃത്ത് നാട്ടുകാരെ വിവരമറിയിച്ചത്. പൊലീസും അഗ്നി രക്ഷാസേനയും രാത്രിയോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.  സംഭവത്തെപ്പറ്റി വിജിത് പൊലീസിനോട് പറഞ്ഞത്: കുറേ ദൂരം നീന്തിയപ്പോൾ തളർന്ന് ഒഴുക്കിൽപ്പെട്ടു. മുങ്ങാതിരിക്കാൻ ഒഴുക്കിനൊത്തു നീന്തി.

ഒന്നര കിലോമീറ്ററിനപ്പുറത്ത് കയറംപാറയ്ക്കു സമീപം ഒരു പാറയിൽ പിടിച്ചു കയറി. മണിക്കൂറുകളോളം അബോധാവസ്ഥയിൽ കിടക്കുകയും പാതി രാത്രിയോടെ പുഴക്കരയിലൂടെ  തിരിച്ചു വീട്ടിലേക്കു നടക്കുകയും ചെയ്തു.