ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിലവറകൾ ആറെണ്ണം. ഭഗവാൻ ശ്രീ പത്മനാഭന്റെ പ്രതിഷ്‌ഠയ്‌ക്ക് ചുറ്റുമാണ് നിലവറകൾ. എ നിലവറയിൽ നിന്നാണ് 90,000 കോടി രൂപ വിലമതിക്കുന്ന സ്വർണം കണ്ടെടുത്തത്. ബി നിലവറ തുറക്കാനായിട്ടില്ല. മറ്റു നിലവറകൾ 2011ൽ തുറന്നു.
∙ ഒന്നാം നിലവറ: ഒറ്റക്കൽ മണ്ഡപത്തിന്റെ ഇരുവശങ്ങളിലുമായി രണ്ടെണ്ണമുണ്ട്. ശ്രീകോവിലിന്റെ അകച്ചുറ്റിൽ ഗർഭഗൃഹത്തിനു പുറത്ത് ഒറ്റക്കൽ മണ്ഡപത്തിന്റെ ഇടത്ത് ശ്രീ പത്മനാഭന്റെ ശിരസിന്റെ ഭാഗത്ത്, ആദികൃഷ്‌ണ വിഗ്രഹം കിടത്തിയിരിക്കുന്ന തൊട്ടിൽ സ്‌ഥാപിച്ചിരിക്കുന്ന തിട്ടയിലാണ് ഇത്. (നിലവറ – ഇ)
∙ രണ്ടാം നിലവറ: ഒറ്റക്കൽ മണ്ഡപത്തിൽ നിന്നിറങ്ങുമ്പോൾ പടവുകൾക്കപ്പുറം പത്മനാഭ പാദത്തിന്റെ ഭാഗത്തു വിശ്വസേനന്റെ പ്രതിഷ്‌ഠയ്‌ക്കടുത്തു രണ്ടാമത്തെ നിലവറ (എഫ്)
∙ മൂന്നും നാലും നിലവറ: മൂന്നാമത്തെയും നാലാമത്തെയും നിലവറകൾ തെക്കേടത്ത് നരസിംഹമൂർത്തിയെ തൊഴുത് പുറംചുറ്റ് ചുറ്റി വടക്കുപടിഞ്ഞാറ് ഭാഗത്ത് വ്യാസക്കോണിൽ വ്യാസമുനിയുടെ പ്രതിഷ്‌ഠയ്‌ക്ക് അപ്പുറവും ഇപ്പുറവും (സി ആൻഡ് ഡി)
∙ അഞ്ചും ആറും നിലവറ (ഒന്നര നൂറ്റാണ്ടായി തുറക്കാത്തവ): അഞ്ചാമത്തേതും ആറാമത്തേതും ഒരു നൂറ്റാണ്ടിലേറെയായി തുറക്കാത്തതെന്നു കരുതുന്ന നിലവറകളാണ്. തെക്കുപുറംചുറ്റ് ചുറ്റി തെക്കുപടിഞ്ഞാറ് ഭരതക്കോണിൽ ഒന്ന് വടക്കോട്ടും ഒന്ന് കിഴക്കോട്ടും തുറക്കുന്ന കവാടങ്ങളിൽ സ്‌ഥിതി ചെയ്യുന്നു. അനന്തശയനം ചുമർചിത്രത്തിൽ പത്മനാഭന്റെ ശിരസിന്റെ ഭാഗത്തെ തിട്ടയിലാണ് ഇവ. (എ ആൻഡ് ബി).
ഒറ്റക്കൽ മണ്ഡപത്തിന്റെ രണ്ടു വശങ്ങളിലുള്ള നിലവറകളിൽ ദൈനംദിന പൂജയ്‌ക്കുള്ള ആഭരണങ്ങളും ഉപകരണങ്ങളുമാണെന്ന് അധികൃതർ. മീനം, തുലാം ഉത്സവങ്ങൾ, മുറജപം, ലക്ഷദീപം, കളഭം തുടങ്ങിയ വിശേഷാൽ പൂജകൾക്കും എഴുന്നള്ളത്തിനും ചാർത്താനും അനുഷ്‌ഠാനങ്ങൾക്കുമുള്ള ആഭരണങ്ങളും സാമഗ്രികളുമാണ് വ്യാസക്കോണിലെ നിലവറകളിലുള്ളത്.