mt

ഏഴ് പതിറ്റാണ്ടായി മലയാളികളുടെ വായനയെ സമ്പന്നമാക്കിയ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് 87ാം പിറന്നാള്‍.  കോവിഡ് കണക്കിലെടുത്ത് പതിവ് സന്ദര്‍ശകരില്ലാതെയാണ് ഇത്തവണ ജന്മദിനം കൊണ്ടാടുക. എംടിക്ക് മനോരമ ന്യൂസിന്‍റെ പിറന്നാള്‍ ആശംസകള്‍.  

എന്‍റെ പിറന്നാളാണ്. ഓര്‍മ്മയുണ്ടായിരുന്നില്ല. അവളുടെ കത്തില്‍ നിന്ന് മനസിലാക്കുകയായിരുന്നു. ഭര്‍ത്താവിന് നന്മവരാന്‍ കഴിയുന്നതെല്ലാം ചെയ്യുന്ന ഭാര്യയുടെ ഓര്‍മ്മപ്പെടുത്തല്‍. പിറന്നാളിന്‍റെ സാമീപ്യത്തില്‍ പണ്ടെല്ലാം ആഹ്ലാദം തോന്നിയിരുന്നു. ഇപ്പോഴാകട്ടെ നേര്‍ത്ത വേദന. 1956 ല്‍ പുറത്തിറങ്ങിയ നിന്‍റെ ഓര്‍മ്മയ്ക്ക് എന്ന കഥാസമാഹാരത്തിലെ ഒരു പിറന്നാളിന്‍റെ ഓര്‍മ്മ എന്ന കഥയിലെ വരികളാണിത്. എംടിയുടെ ആത്മാംശം നിറയുന്ന വരികള്‍. ഓരോ വാക്കിലും വരിയിലും ജീവിതത്തെ അനുഭവിപ്പിച്ച എഴുത്തുകാരന് 87ന്‍റെ ചെറുപ്പം. ആഘോഷങ്ങളിലാതെ പതിവ് ദിനംപോലെ പിറന്നാള്‍ ദിനവും കടന്നുപോകും. 

ജീവിതങ്ങളെ അക്ഷരങ്ങളാക്കുന്നതില്‍ മാത്രമല്ല അഭ്രപാളികളിലൂടെ ജനമനസുകളില്‍ ആഴത്തില്‍ അടയാളപ്പെടുത്തുകയും ചെയ്തു എംടി.  നാലുകെട്ട്, കാലം, അസുരവിത്ത്, രണ്ടാമൂഴം, മഞ്ഞ് തുടങ്ങി മലയാളി മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്ന സൃഷ്ടികള്‍ നിരവധി. സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടി. ചലച്ചിത്രലോകത്തെത്തുന്നത്. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലും സ്ഥാനം ഉറപ്പിച്ച ഒട്ടേറെ സിനിമകള്‍. സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠം ഉള്‍പ്പെടെയുള്ള പുരസ്ക്കാരങ്ങള്‍ വാങ്ങികൂട്ടിയ എംടി കോഴിക്കോട് കൊട്ടാരം വീട്ടിലെ ചാരുകസേരയില്‍ ഗര്‍വ്വോടെ ഇരിക്കുന്നുണ്ട്. സാഹിത്യലോകത്തെ ഞെട്ടിപ്പിക്കുന്ന കൃതികള്‍ അണിയറയില്‍ ബാക്കി വച്ച്.