യുഎസിൽ ഭർത്താവിന്റെ കുത്തേറ്റു മരിച്ച മലയാളി നേഴ്സ് മെറിനെ ഓർക്കുമ്പോൾ കരച്ചിലടക്കാനാകുന്നില്ല സഹപ്രവർത്തകർക്ക്. സഹപ്രവർത്തകരിൽ ചിലരുടെ കൺമുന്നിൽ വെച്ചാണ് മെറിനെ ഭര്‍ത്താവ് ഫിലിപ് മാത്യു (നെവിൻ) കുത്തിവീഴ്ത്തി കാറോടിച്ചു കയറ്റിയത്. തന്നെ അപായപ്പെടുത്താന്‍ ഭർത്താവായ ഫിലിപ് മാത്യു (നെവിൻ) എത്തുമെന്നു മെറിന്‍ ഭയന്നിരുന്നുവെന്നാണ് ഇവരുമായി അടുപ്പമുള്ളവർ പറയുന്നത്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന മെറിൻ കോറല്‍ സ്പ്രിങ്‌സ് ആശുപത്രിയിലെ ജോലി മതിയാക്കി ഓഗസ്റ്റിൽ താമ്പയിലേക്കു താമസം മാറ്റാനുള്ള തയാറെടുപ്പിലായിരുന്നു. 

''ഞങ്ങള്‍ക്കിത് വിശ്വാസിക്കാനാകുന്നില്ല. അവള്‍ ഒരു മാലാഖയായിരുന്നു. രണ്ട് വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജോലി ചെയ്യുന്നു. കുത്തിവീഴ്ത്തിയശേഷം ഞങ്ങളുടെ കണ്‍മുന്നിലാണ് അവളുടെ മുകളിലൂടെ അയാള്‍ കറുത്ത കാര്‍ ഓടിച്ചുകയറ്റിയത്. പാര്‍ക്കിങ് ലോട്ടില്‍ അവളുടെ രക്തം ചിതറിത്തെറിച്ചു. രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും എനിക്കൊരു കുഞ്ഞുണ്ടെന്നാണ് അവള്‍ അലറിക്കരഞ്ഞത്. നിലവിളി കേട്ട് ഞങ്ങള്‍ ഓടിചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു'', ആശുപത്രിയിലെ സഹപ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു.

കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് നെവിൻ എത്തിയതെന്നാണു സൂചന. മിഷിഗണിലെ വിക്‌സനില്‍ ജോലിയുള്ള നെവിന്‍ ഇന്നലെ കോറല്‍ സ്പ്രിങ്‌സില്‍ എത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. മെറിന്‍ ജോലി കഴിഞ്ഞ് ഇറങ്ങുന്ന സമയം നോക്കി ആശുപത്രിയുടെ പാര്‍ക്കിങ്ങില്‍ കാത്തു നില്‍ക്കുകയും ചെയ്തു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് മെറിന് കുത്തേറ്റത്. 17 തവണയാണ് നെവിൻ മെറിനെ കുത്തിയത്. മരണം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി. മെറിന്റെ സഹപ്രവര്‍ത്തകര്‍ അക്രമി സഞ്ചരിച്ച കാറിന്റെ ചിത്രങ്ങള്‍ അടക്കം പകര്‍ത്തുകയും ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കുകയും ചെയ്തതോടെ അറസ്റ്റ് വേഗത്തിലായി.

ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ ഏഴരയോടെ, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് മെറിന് കുത്തേറ്റത്. നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി. മെറിനെ പൊലീസ് ഉടന്‍തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നു പോയ നെവിനെ പിന്നീട് ഹോട്ടല്‍ മുറിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാൾ സ്വയം കുത്തി മുറിവേൽപിച്ച നിലയിലായിരുന്നു.