കൊച്ചിയെ മുക്കിയ വെള്ളക്കെട്ടിന് പിന്നാലെ തേവര, പേരണ്ടൂര്‍ കനാലിലെ വെള്ളം കായലിലേക്ക് ഒഴുക്കാന്‍ അടിയന്തര നടപടിക്ക് തീരുമാനം. കനാലിലെ പ്രശ്നങ്ങള്‍ കണ്ടെത്തി ഉടന്‍ പരിഹരിക്കും. ഇതിനാവശ്യമായ തുക അമൃത് പദ്ധതിയില്‍നിന്ന് കണ്ടെത്താനാണ് തീരുമാനം.
ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി കൊച്ചി നഗരത്തിലെ കനാലുകള്‍ വൃത്തിയാക്കിയെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. തേവര- പേരണ്ടൂര്‍ കനാല്‍ നവീകരണം അമൃത് പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍, ബ്രേക്ക് ത്രൂവിന്റെ ഭാഗമായില്ല. പനമ്പിള്ളി നഗറിലടക്കം രൂക്ഷമായ വെള്ളക്കെട്ടുണ്ടായത് ഇതുമൂലമാണെന്ന് മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ബ്രേക്ക് ത്രൂ രണ്ടാംഘട്ടത്തിന്റെ ഭാഗമായി തേവര, പേരണ്ടൂര്‍ കായല്‍ മുഖത്ത ചെളിയും തടസവും നീക്കിയിരുന്നു. പക്ഷേ ഒഴുക്ക് സുഗമമായില്ല. ഇതോടെയാണ് അടിന്തരമായി പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ തീരുമാനിച്ചത്.
അമൃത് പദ്ധതിയില്‍നിന്നുള്ള തുക തികഞ്ഞില്ലെങ്കില്‍, ബാക്കി ജില്ലാ ഭരണകൂടം കണ്ടെത്തും. കലൂര്‍ കെ.എസ്.ഇ.ബി സബ് സ്റ്റേഷനകത്തെ കനാലിന്റെ വീതി കൂട്ടാനും തീരുമാനിച്ചു. ഇത്തവണയും സബ് സ്റ്റേഷനിലുള്ളില്‍ വെള്ളം നിറഞ്ഞതോടെ അഗ്നിശമനസേനയുടെ സഹായത്തോടെ മണിക്കൂറുകള്‍ പമ്പുചെയ്താണ് പ്രശ്നം പരിഹരിച്ചത്. ചങ്ങാടംപോക്ക്, കാരണംകോട് തോടുകള്‍ കൃത്യമായരീതിയില്‍ ബന്ധിപ്പിക്കാന്‍ കൊച്ചി മെട്രോയ്ക്കും നിര്‍ദേശം നല്‍കി.