സ്വാതന്ത്ര്യ സമര സേനാനിയും സംശുദ്ധ രാഷ്ട്രീയത്തിന്‍റെ പ്രതീകവുമായിരുന്ന കോണ്‍ഗ്രസ് നേതാവ് പ്രഫ. കെ.എം.ചാണ്ടിയുടെ നൂറാം ജന്മവാര്‍ഷികം ഇന്ന്. പ്രഫ. കെ.എം.ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കും ഇന്ന് തുടക്കമാകും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും പരിപാടികള്‍.
അന്‍പത് വര്‍ഷം നീണ്ട പൊതുജീവിതത്തില്‍ ഉടനീളം ഖദറിന്‍റെ വെണ്‍മയും പരിശുദ്ധിയും കാത്തുസൂക്ഷിച്ച ആദര്‍ശധീരനായിരുന്നു പാലാ കിഴക്കയില്‍ മത്തായി ചാണ്ടിയെന്ന കെ.എം. ചാണ്ടി. 1938ല്‍ നിസഹകരണ പ്രസ്ഥാനത്തില്‍ പങ്കാളിയായാണ് പൊതുപ്രവര്‍ത്തന രംഗത്ത് കെ.എം. ചാണ്ടിയുടെ ആദ്യ ചുവട്. അന്ന് മുതല്‍ ഖാദിവസ്ത്രം ജീവിതത്തിന്‍റെ ഭാഗമായി. സ്വതന്ത്ര തിരുവിതാംകൂറിലെ പ്രഥമ നിയമസഭയിലേക്ക് മീനച്ചില്‍ മണ്ഡലത്തില്‍ നിന്ന് എതിരില്ലാതെ തിരിഞ്ഞെടുക്കപ്പെടുമ്പോള്‍ ചാണ്ടിക്ക് പ്രായം 26വയസ് മാത്രം. കെ കരുണാകരൻ ഉൾപ്പടെയുള്ളവരോടൊപ്പം കോണ്‍ഗ്രസിന്‍റെ വളര്‍ച്ചയില്‍ ചുക്കാന്‍ പിടിച്ച നേതാവാണ് കെ.എം. ചാണ്ടി. കേരളത്തില്‍ ആദ്യത്തെ യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് ആരംഭിച്ചതും പ്രഫ ചാണ്ടിയാണ്. 69ല്‍ കോണ്‍ഗ്രസ് ദേശീയതലത്തില്‍ പിളര്‍ന്നപ്പോള്‍ പ്രഫ. ചാണ്ടി ഇന്ദിരാഗാന്ധിക്കൊപ്പം അടിയുറച്ചു നിന്നു. പ്രഫ ചാണ്ടിയെ കെപിസിസി പ്രസിഡന്‍റായി നിയമിച്ചതും ഇന്ദിരയാണ്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ ഗവര്‍ണര്‍ പദവിയിലേക്കും പ്രഫ ചാണ്ടിയെത്തി. അധികാരത്തിന്‍റെ ആഡംബരങ്ങള്‍ വേണ്ടെന്ന് വെച്ച് 89ലാണ് അദ്ദേഹം പാലായില്‍ മടങ്ങിയെത്തിയത്.
റബര്‍ ബോര്‍ഡ് ചെയര്‍മാനായിരുന്ന അദ്ദേഹം വിപ്ലവകരമായ നിരവധി പദ്ധതികള്‍ക്കും തുടക്കം കുറിച്ചു. സഹകരണ പ്രസ്ഥാനങ്ങളുടെ പ്രാധാന്യം മനസിലാക്കിയ ദീര്‍ഘദര്‍ശിയായ നേതാവ് കൂടിയായിരുന്നു പ്രഫ ചാണ്ടി. പാലാ പൊന്‍കുന്നം റോഡിന് സമീപത്തെ കിഴക്കയില്‍ വീട്ടില്‍ കെ.എം. ചാണ്ടിയുടെ ഓര്‍മകള്‍ ഇന്നും തുടിക്കുന്നു. ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ മാസം തോറും വെബിനാറുകള്‍ നടത്താനാണ് ഫൗണ്ടേഷന്‍റെ തീരുമാനം.