medal

മുഖ്യമന്ത്രിയുടെ സേനാ മെഡലുകൾ പ്രഖ്യാപിക്കാതെ സർക്കാർ. സാധാരണയായി സ്വാതന്ത്ര്യ ദിനത്തിൻ്റെ തലേ ദിവസം പ്രഖ്യാപിക്കുന്ന പൊലീസ് , ഫയർ ഫോഴ്സ് , എക്സൈസ് മെഡലുകളാണ് ഈ വർഷം ഇതുവരെയും പ്രഖ്യാപിക്കാത്തത്. കോവിഡ് കാരണം കമ്മിറ്റികൾ കൂടാൻ സാധിക്കാത്തതാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് ആഭ്യന്തര വകുപ്പിൻ്റെ വിശദീകരണം.

പൊലിസ് മുതൽ എക്സൈസ് വരെയുള്ള സേനാംഗങ്ങൾക്ക് സംസ്ഥാനം നൽകുന്ന ഏറ്റവും പ്രധാന ആദരവുകളിലൊന്നാണ് മുഖ്യമന്ത്രിയുടെ മെഡൽ. സാധാരണയായി റിപ്പബ്ളിക് ദിനത്തിൻ്റെ തലേ ദിവസം പ്രഖ്യാപിച്ച് സ്വാതന്ത്ര്യ ദിനത്തിൽ വിതരണം ചെയ്യും. കഴിഞ്ഞ വർഷം സർക്കാർ അതിൽ മാറ്റം വരുത്തി. സ്വാതന്ത്ര്യ ദിനത്തിൻ്റെ തലേന്ന് പ്രഖ്യാപിച്ച് കേരളപ്പിറവിയായ നവംബർ ഒന്നിന് വിതരണം ചെയ്തു. എന്നാൽ ഈ വർഷത്തെ മെഡലുകൾ റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യ ദിനത്തിലും പ്രഖ്യാപിച്ചില്ല. ഇതോടെ മെഡൽ ഒഴിവാക്കിയെന്ന ആശങ്കയും അതൃപ്തിയുമാണ് സേനയിൽ. ഡിവൈ. എസ്.പിമാർക്ക് വരെ നൽകിയിരുന്ന മെഡൽ എസ്.പിമാർക്ക് വരെ നൽകാനും എണ്ണം 285 വരെ ഉയർത്താനും സർക്കാർ തീരുമാനിച്ചിരുന്നു. അവാർഡിനുള്ള ശുപാർശകൾ മെയ് 20നകം നൽകണമെന്ന് കാണിച്ച് ഡി.ജി.പി സർക്കുലറും ഇറക്കിയിരുന്നു.

എന്നാൽ പിന്നീട് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. പൊലീസിൽ നിന്ന് ശുപാർശ സ്വീകരിച്ച് ആഭ്യന്തര സെക്രട്ടറി രൂപീകരിക്കുന്ന സമിതിയാണ് ജേതാക്കളെ നിശ്ചയിക്കേണ്ടത്. കോവിഡ് കാരണം സമിതി കൂടിയില്ലെന്നാണ് വിശദീകരണം. എന്നാൽ മറ്റ് സംസ്ഥാനങ്ങളും കേന്ദ്രവും കോവിഡിനിടയിലും പതിവ് പോലെ മെഡൽ പ്രഖ്യാപിച്ചതിൽ ഇത് സർക്കാരിൻ്റെ വീഴ്ചയാണന്ന് ആക്ഷേപം ഉയരുന്നുണ്ട്.