aluvamarket-01

TAGS

കോവിഡ് അതിതീവ്ര വ്യാപനത്തെ തുടർന്ന് ഒന്നര മാസം അടച്ചിട്ട ആലുവ നഗരസഭ ജനറൽ മാർക്കറ്റ് ഇന്ന് പുലർച്ചെ തുറന്നു. പച്ചക്കറിയുടെയും മല്‍സ്യത്തിന്റെയും മൊത്തവ്യാപാരം ആണ് ഇന്ന് ആരംഭിച്ചത്. ശനിയാഴ്ച വരെ മൊത്ത വിൽപ്പന മാത്രമേ ഉണ്ടാകൂ. 

ഒന്നരമാസത്തിനുശേഷം ആലുവ മാര്‍ക്കറ്റ് വീണ്ടും തുറന്നു. ഇരുപത്തിയഞ്ച് നഗരസഭാ ജീവനക്കാരുടെ നേതൃത്വത്തില്‍ മാലിന്യങ്ങള്‍നീക്കി അണുവിമുക്തമാക്കിയതിനുശേഷമാണ് മാര്‍ക്കറ്റ് തുറന്നത്. പച്ചക്കറി, പച്ചമീന്‍, ഉണക്കമീന്‍ എന്നിവ വില്‍ക്കുന്ന മൊത്തവ്യാപാര സ്ഥാപനങ്ങള്‍ തുറന്നു. രാവിലെ പത്തുവരെ മാത്രമാണ് വ്യാപാരം അനുവദിച്ചിരിക്കുന്നത്. സമയം കുറച്ചിരിക്കുന്നതിനാൽ മാർക്കറ്റിൽ കാര്യമായ തിരക്കില്ല.

വ്യാപാരം നിരീക്ഷിച്ചശേഷം തിങ്കളാഴ്ച മുതൽ ചില്ലറ വിൽപനയും ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ രേഖപ്പെടുത്തിയ ബോർഡും വാഹനങ്ങൾക്ക് ടോക്കൺ നൽകാനുള്ള കൗണ്ടറും മാർക്കറ്റ് കവാടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. സാമൂഹിക അകലം നിരീക്ഷിക്കാൻ പോലീസ് പിക്കറ്റ് ഏർപ്പെടുത്തി. 12 അംഗ ജാഗ്രതാ സമിതിയും രൂപീകരിച്ചശേഷമാണ് ഇന്ന് മാർക്കറ്റ് തുറന്നു പ്രവർത്തനം ആരംഭിച്ചത്. സർക്കാർ നിർദേശങ്ങൾ ലംഘിച്ചാൽ മുന്നറിയിപ്പു കൂടാതെ മാർക്കറ്റ് വീണ്ടും അടക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു.