തിരുവനന്തപുരം എയര്‍പോര്‍ട്ട് സ്വകാര്യവൽക്കരിക്കുന്നതിൽ നിലപാടിലുറച്ച് ശശി തരൂർ എംപി. വിഷയത്തില്‍ തന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്നാണ് തരൂർ വ്യക്തമാക്കുന്നത്. വോട്ടര്‍മാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷന്‍ കഴിഞ്ഞാല്‍ പിന്നെ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പ്പെടുത്തേണ്ടതില്ല എന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തരൂർ പറയുന്നു.
തരൂരിന്റെ കുറിപ്പ്: തിരുവനന്തപുരം എയര്‍പോര്‍ട്ട് വിഷയത്തില്‍ എന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. വോട്ടര്‍മാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷന്‍ കഴിഞ്ഞാല്‍ പിന്നെ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പ്പെടുത്തേണ്ടതില്ല. ഈ വിഡിയോ ഒരു വര്‍ഷം മുന്‍പ് എടുത്തതാണ്. എന്റെ സഹപ്രവര്‍ത്തകര്‍ മറ്റൊരു നിലപാട് എടുക്കുന്നതിന് മുന്‍പ് എന്നോട് എന്റെ അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ കൃത്യമായും എന്റെ നിലപാട് അവരോട് വിശദീകരിക്കുമായിരുന്നു. എന്റെ നിയോജകമണ്ഡലത്തിന്റെ താല്പര്യത്തിന് വേണ്ടിയാണ് ഞാന്‍ നിലപാടെടുത്തിട്ടുള്ളതും അതിനെക്കുറിച്ച് സംസാരിക്കുന്നതും. ഒരു എം പി എന്ന നിലയില്‍ എന്റെ ജോലിയാണ് അത്.
വിമാനത്താവള സ്വകാര്യവൽക്കരണത്തെ അനുകൂലിച്ച ശശി തരൂരിന് പരോക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. അദാനിയുടെ പേ റോളില്‍ ആകേണ്ട കാര്യം താനടക്കം ഒരു കോണ്‍ഗ്രസ് നേതാവിനുമില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറുന്നതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് പറഞ്ഞു.
തരൂരിന്‍റെ നിലപാട് വഞ്ചനാപരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമാണിത്. മുതലാളിമാര്‍ക്കായുള്ള നിലപാടില്‍ നിന്ന് തരൂര്‍ പിന്മാറണം. കച്ചവടത്തിന് കൂട്ടുനില്‍ക്കുന്നവര്‍ ജനങ്ങളോട് മറുപടി പറയേണ്ടിവരും. ഇനി ജനകീയ പ്രതിരോധമാണ് ഇനി മാര്‍ഗമെന്നും വിമാനത്താവളം നല്ല രീതിയില്‍ നടത്താന്‍ ടിയാലിന് കഴിയുമെന്നും കടകംപള്ളി പറഞ്ഞിരുന്നു.