onathappan-wb

വ്യാധിയുടെ കാലം കടന്ന് ഒാണം സമൃദ്ധമാകണേ എന്ന പ്രാര്‍ഥനയില്‍ ഒാണത്തപ്പന്‍മാരെ ഒരുക്കുകയാണ് പറവൂര്‍ തത്തംപിള്ളിയിലെ കളിമണ്‍ ശില്‍പികള്‍. 

രണ്ടാണ്ട് മുന്‍പത്തെ പ്രളയത്തില്‍ ഒലിച്ചുപോയ ഉപജീവനസാഹചര്യങ്ങള്‍ വീണ്ടും തളിരിട്ടപ്പോഴാണ് കോവിഡിന്റെ രൂപത്തില്‍ വീണ്ടും പ്രതിസന്ധിയുടെ കരിനിഴല്‍ . അത്തംമുതല്‍ പത്തുദിവസത്തെ കച്ചവടത്തിലാണ് ഇവരുടെ ഒാണപ്രതീക്ഷകളത്രയും 

ഒാണക്കാലത്ത് അത്തം മുതല്‍ ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളാണ് പൂക്കളുടേത്. തിരുവോണം മുതല്‍ പൂരോരുട്ടാതി വരെയുള്ള ദിവസങ്ങളില്‍ പൂക്കളത്തിലെ ആകര്‍ഷണം ഒാണത്തപ്പനാണ്. പൂക്കളങ്ങളുടെ പാരമ്പര്യതനിമ പിന്തുടരുന്നവര്‍ ഒാണക്കാലത്ത് ഒാണത്തപ്പനേയും അതോടൊപ്പം വയ്ക്കാനുള്ള മുത്തിയമ്മ, അരകല്ല്, പിള്ളക്കല്ല്, ഉരല്‍ എന്നിവയും തേടിയെത്തും.  കോവിഡ് ഭീതിയില്‍ മറ്റ് ആഘോഷങ്ങള്‍ മാറ്റി നിര്‍ത്തുമെങ്കിലും വീട്ടുമുറ്റത്ത് പൂക്കളമൊരുക്കാന്‍ മലയാളി തയാറാകും. അങ്ങിനെയെങ്കില്‍ ഇക്കാണുന്ന ഒാണത്തപ്പന്‍മാര്‍ക്കും ആവശ്യക്കാരുണ്ടാകും. 

കേരളത്തില്‍ കളിമണ്‍ പാത്ര നിര്‍മാണരംഗത്ത് ഇപ്പോള്‍ അവശേഷിക്കുന്നത് വളരെ കുറച്ച് ആളുകള്‍ മാത്രമാണ്. അവരും ഈ രംഗത്ത് പിടിച്ചുനില്‍ക്കാന്‍ പെടാപ്പാട് പെടുകയാണ്

മഹാമാരിക്കിടയിലും ഈ ഒാണക്കാലം ഇവരെ നിരാശപ്പെടുത്തില്ലെന്ന് നമുക്കും പ്രതീക്ഷിക്കാം