thoni

TAGS

കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ആറന്മുളയപ്പന് ഓണവിഭവങ്ങളുമായി കോട്ടയം മങ്ങാട്ടില്ലത്തു നിന്നും ചുരുളൻ വള്ളം പുറപ്പെട്ടു. ആചാരപ്രകാരമുള്ള പൂജകള്‍ക്ക് ശേഷമാണ് തിരുവോണതോണിക്ക് അകമ്പടിയേകാനുള്ള ചുരുളൻ വള്ളത്തിന്‍റെ യാത്ര. ജ്യേഷ്ഠൻ നാരായണഭട്ടതിരിയുടെ നിര്യാണത്തെ തുടർന്ന് തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നത് അനുജനായ രവീന്ദ്ര ബാബു ഭട്ടതിരിയാണ്. 

 

പരദേവതയായ തിരുവാറന്മുളയപ്പന് ഓണ വിഭവങ്ങളുമായാണ് കോട്ടയം കുമരനെല്ലൂരിലെ മങ്ങാട്ട് ഇല്ലത്തു നിന്നുള്ള ഈ യാത്ര. മീനച്ചിലാറിൽ കയറി പിന്നീട് വേമ്പനാട്ട് കായലിലൂടെയാണ് മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന യാത്ര. ആറന്‍മുളയിലെത്തുന്ന ഭട്ടതിരി കാട്ടൂരില്‍ നിന്ന് പുറപ്പെടുന്ന തിരുവോണത്തോണിക്ക് അകമ്പടി സേവിക്കും. പുതിയ നിയോഗം കര്‍മഫലമായി കാണുകയാണ് രവീന്ദ്രബാബു ഭട്ടതിരി. 

 

കോവിഡിനെ തുടര്‍ന്ന് ഇത്തവണ ഒരു ദിവസം വൈകിയാണ് യാത്ര. ഇക്കുറി ഇടത്താവളങ്ങളില്‍ വിശ്രമമില്ല.  

തലമുറകൾക്ക് മുമ്പ് ചെങ്ങന്നൂരിലെ കാട്ടൂരിലായിരുന്ന മങ്ങാട്ട് ഇല്ലം പിന്നീട് കുമാരനല്ലൂരിലേക്ക് താമസം മാറ്റുകയായിരുന്നു. പണ്ട് കാലത്ത് തിരുവോണത്തോണിക്ക് അകമ്പടി പോയിരുന്ന ചടങ്ങ് കുമാരനല്ലൂരിലെത്തിയപ്പോഴും തുടരുകയാണ്.