തൃശൂര്‍ മെഡിക്കല്‍ കോളജ് കാന്റീന്‍ അടച്ചുപൂട്ടിയിട്ട് ഒന്നരവര്‍ഷം. നിലവിലുണ്ടായിരുന്ന ഇന്ത്യന്‍ കോഫീ ഹൗസ് ആണെങ്കില്‍ ജീവനക്കാരന് കോവിഡ് വന്നതോടെ താല്‍ക്കാലികമായി അടച്ചു. രോഗികളും കൂട്ടിരിപ്പുകാരും ഇതോടെ വലയുകയാണ്. ആശുപത്രി വികസന സമിതിയുടെ നിയന്ത്രണത്തിലായിരുന്നു മെഡിക്കല്‍ കോളജ് കാന്റീന്‍. ഒന്നരവര്‍ഷം മുമ്പ് അടച്ചുപൂട്ടി. കാന്റീന്‍ തുറക്കാനുള്ള നടപടി ഇനിയും ആയിട്ടില്ല. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഏറെ ഉപകാരപ്രദമായിരുന്നു ഈ കാന്റീന്‍. 

എല്ലാ സൗകര്യങ്ങളോടു കൂടിയ കാന്റീനാണ് തുറന്നു പ്രവര്‍ത്തിക്കാത്തത്. ആശുപത്രി ജീവനക്കാരുടെ സംഘടന ഇതിനെതിരെ രംഗത്തു വന്നിരുന്നു. പ്രതിദിനം നൂറുകണക്കിനു രോഗികള്‍ വരുന്ന സ്ഥലം കൂടിയാണിത്. കാന്റീന്‍ അടച്ചുപൂട്ടിയതിനു പിന്നില്‍ രാഷ്ട്രീയ കാരണമാണെന്നാണ് സൂചന.

 

ചൂടുവെള്ളം കിട്ടാന്‍ രോഗികളും സഹായികളും ആശ്രയിച്ചിരുന്നത് കാന്റീനെയായിരുന്നു. ഇന്ത്യന്‍ കോഫീ  ഹൗസിന്റെ ശാഖയായിരുന്നു പിന്നെ ഒരു ആശ്വാസം. ജീവനക്കാരന് കോവിഡ് വന്നതോടെ ഈ ശാഖയും അടച്ചുപൂട്ടുകയായിരുന്നു.