കൊച്ചിയിലെ റോഡുകളുടെ കാര്യത്തിൽ നഗരസഭ ഉദാസീന മനോഭാവം പുലർത്തുന്നുവെന്ന് ഹൈക്കോടതി. റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്ന കാര്യത്തില്‍ കോടതിയുടെ ഉത്തരവുകള്‍ നഗരസഭ പാലിക്കുന്നില്ല. അടുത്ത ബുധനാഴ്ച നഗരസഭാ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കൊച്ചിയിലെ റോഡുകളുടെ തകര്‍ച്ചയ്ക്ക് ബന്ധപ്പെട്ട കരാറുകാരും എഞ്ചിനീയര്‍മാരുമായിരിക്കും ഉത്തരവാദികളെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തകര്‍ന്ന റോഡുകള്‍ പണിത കരാറുകാരുടെയും മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍മാരുടെയും പേരുകള്‍ പുറത്തുവിടണമെന്നും കോടതി ഉത്തരവിട്ടിരുന്നു. കാലങ്ങളായി തകര്‍ന്ന് കിടക്കുന്ന പാര്‍ക്ക് അവന്യൂ റോഡിന്‍റെ ചുമതലയുള്ളവരുടെ പേരുകള്‍ പരസ്യപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടും കോര്‍പറേഷന്‍ ചെയ്തിരുന്നില്ല. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. നഗരത്തിലെ റോഡുകളുടെ കാര്യത്തില്‍ നഗരസഭ എന്തുകൊണ്ടാണ് ഉദാസീന സമീപനം സ്വീകരിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. റോഡിലെ കുഴികളില്‍ വീണ് യാത്രക്കാരുടെ ജീവന്‍ പൊലിഞ്ഞിട്ട് പോലും റോഡുകള്‍ നന്നാക്കുന്നില്ല. കൊച്ചിയിലെ റോഡുകളിലെ കുഴിയില്‍ വീണ് ഇനി ഒരു ജിവന്‍ പൊലീയുന്നത് അംഗീകരിക്കാനാകില്ല.
നഗരത്തിലെ തകര്‍ന്ന് കിടക്കുന്ന റോഡുകളുടെ പട്ടിക അമിക്കസ് ക്യൂറിമാര്‍ കോടതിയ്ക്ക് കൈമാറിയിരുന്നു. നഗരസഭാ സെക്രട്ടറി നേരിട്ടെത്തി ഈ റോഡുകളുടെ കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. നഗരസഭാ സെക്രട്ടറിയുടെ ഭാഗം കൂടി കേട്ട ശേഷം ഈ റോഡുകളുടെ ചുമതലയുള്ള എഞ്ചിനീയര്‍മാര്‍ക്കും കരാറുകാര്‍ക്കും എതിരായ നടപടി തീരുമാനിക്കുമെന്ന് കോടതി വ്യക്തമാക്കി.