vayala-wb

മലയാളത്തിന്റെ പ്രിയകവി വയലാര്‍ രാമവര്‍മയുടെ നാല്‍പ്പത്തിയഞ്ചാം ചരമവാര്‍ഷികദിനമാണ് ഇന്ന്. ഭാവനകളുടെ വശ്യതയും വിപ്ലവത്തിന്റെ വീര്യവും നിറഞ്ഞ വരികളിലൂടെ മലയാളിക്കിന്നും പ്രിയമാണ് വയലാറിനെ. പതിനൊന്നുവര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപം ഇന്ന് 

നാടിന് സമര്‍പ്പിക്കുന്ന ദിനം കൂടിയാണ്.നനുനനുത്ത പദാവലി കൊണ്ട് ഈറന്‍ നിലാവിന്റെ മുഖംപടംനെയ്ത് കൈരളിയെ അണിയിക്കുകയായിരുന്നു വയലാറിന്റെ നിയോഗമെന്ന് കുറിച്ചത് 

ഒ.എന്‍.വിയാണ്. ആത്മാവ് കയ്യൊപ്പ് ചാര്‍ത്തിയ എത്രയെത്ര വരികള്‍. കവിതയായും നാടകഗാനങ്ങളായും സിനിമാപാട്ടുകളായും..രാഘവപ്പറമ്പില്‍ ഇനി ആരവംകൂടും. കവി പാടിയത് പോലെ പണിതിട്ടും പണിതിട്ടും പണിതീരാതെപോയ മന്ദിരമായിരുന്നു. നിര്‍മാണം പൂര്‍ത്തിയായി ഒന്‍പതു 

വര്‍ഷങ്ങള്‍ക്ക് ശേഷം ചന്ദ്രകളഭം ഇന്ന് തുറക്കുയാണ്.സര്‍ക്കാര്‍ അനുവദിച്ച ഒരുകോടി നാല്‍പ്പത്തിയഞ്ചു ലക്ഷം ചെലവിട്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. താഴെ നിലയില്‍ എഴുനൂറുപേര്‍ക്ക് ഇരിക്കാവുന്ന ഹാള്‍, മുകളില്‍ വയലാറിന്റെ ഓര്‍മ്മച്ചിത്രങ്ങള്‍, പുസ്തകങ്ങള്‍, പുരസ്കാരങ്ങള്‍ അങ്ങനെ അങ്ങനെ...ഈ ഇന്ദ്രധനുസിന്റെ തീരത്തേക്ക് പാട്ടുപാടി സ്വീകരിക്കുകയാണ് മകന്‍..