വയനാട്ടില്‍ റവന്യു ഭൂമിയിലും വനത്തിലും വീണ് നശിക്കുന്ന മരങ്ങള്‍ ലേലം ചെയ്ത് വില്‍ക്കാന്‍ നടപടികളില്ല. വനത്തിനുള്ളിലൂടെയുള്ള പാതയോരത്തും മറ്റും കോടികണക്കിന് രൂപയുടെ മരങ്ങളാണ് വീണ് കിടന്ന് നശിക്കുന്നത്.

നടവയലില്‍ നിന്നും പുല്‍പ്പള്ളിയിലേക്ക് വനത്തിന് നടുവിലൂടെയുള്ള പാതയാണിത്. റോഡരികില്‍ നിരവധി മരങ്ങളാണ് മറിഞ്ഞു വീണ്ടുകിടക്കുന്നത്. കാറ്റില്‍ മറിഞ്ഞുവീണതിന് പുറമേ കാട്ടാനകള്‍ കുത്തിമറിച്ചിട്ട മരങ്ങളുമുണ്ട്. കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍ ആര്‍ക്കും  ഉപയോഗപ്പെടുന്നില്ല.  

ഇത്തരത്തിൽ വീഴുന്ന മരങ്ങൾ ലേലത്തിൽ വെച്ചാൽ കോടികൾ സർക്കാർ ഖജനാവിലേക്ക് എത്തും. ഈ തുക ഉപയോഗിച്ച് വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമാകുന്ന പദ്ധതികള്‍ മേഖലയില്‍ ആവിഷ്ക്കരിക്കണമെന്ന് നാട്ടുകാര്‍ പറയുന്നു.

6 വർഷം മുൻപ് ചില റേഞ്ചുകളിൽ മരങ്ങൾ ലേലം ചെയ്തിരുന്നു. അന്ന് 8 കോടിയോളം രൂപ ലഭിച്ചിരുന്നു. ഒരോ വര്‍ഷവും വീണ മരങ്ങളുടെ കണക്കെടുപ്പും ലേല നടപടികളും സ്വീകരിക്കാൻ പറ്റില്ലെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.5 വർഷം കൂടുമ്പോഴാണ് ഇത്തരത്തിൽ കണക്കെടുപ്പും ലേലവും നടന്നുവരുന്നത്.