TAGS

സർക്കാർ വകുപ്പുകളുടെയും കരാറുകാരന്റെയും അനാസ്ഥമൂലം രണ്ടു പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപാതയുടെ നിർമാണത്തിൽ ഗുരുതര വീഴ്ച. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ - കോട്ടൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന നടുവണ്ണൂർ - കൂട്ടാലിട റോഡിലാണ് തലതിരിഞ്ഞ നിർമാണം നടക്കുന്നത്.

അഞ്ചര മീറ്റർ വീതിയുള്ള റോഡിൽ പലയിടത്തും പല വലുപ്പത്തിലും ആഴത്തിലും കമ്പിയില്ലാതെയുമാണ് ഓവുചാൽ നിർമിച്ചിരിക്കുന്നത്. വൈദ്യൂതി തൂണടക്കം കോൺക്രീറ്റ് ചെയ്തിട്ടും ഉദ്യോഗസ്ഥ തലത്തിൽ അനക്കമില്ല. ചിലയിടങ്ങളിൽ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പൊളിച്ച് വീണ്ടും കെട്ടി.  

നബാർഡ് ഫണ്ടിൽ നിർമിക്കുന്ന റോഡിന്റെ കരാർ കാലാവധി കഴിഞ്ഞതിനാൽ വീണ്ടും സമയം നീട്ടി നൽകി. പക്ഷേ കഴിഞ്ഞ ഒരു മാസമായി ജോലി പൂർണമായും നിലച്ചിരിക്കുകയാണ്.  കഴിഞ്ഞവർഷം ഡിസംബറിലാണ് നിർമാണം തുടങ്ങിയത്. എന്നാൽ വകുപ്പ് മന്ത്രിയെത്തി നിർമാണോദ്ഘാടനം നടത്തിയതാകട്ടെ രണ്ടു മാസത്തിന് ശേഷവും.