thattekad

നീണ്ട ഇടവേളയ്ക്ക് ശേഷം തുറന്ന തട്ടേക്കാട് പക്ഷിസങ്കേതം സഞ്ചാരികള്‍ക്കായുള്ള കാത്തിരിപ്പിലാണ്. വിദേശത്ത് നിന്നും ഉത്തരേന്ത്യയില്‍ നിന്നുമുള്ള ദേശാടനപക്ഷികള്‍ തട്ടേക്കാടെത്തി തുടങ്ങി. കോവിഡ് കാലമായതിനാല്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പക്ഷിസങ്കേതത്തിന്റെ പ്രവര്‍ത്തനം.  

കോടമഞ്ഞിന്റെ നേരിയ തണുപ്പില്‍ കിളികളുടെ പാട്ട് കേട്ട് ഒരു പ്രഭാതസവാരി. ഇലകളെ തലോടിയും പൂക്കളുടെ ഭംഗി ആസ്വദിച്ചും കാട്ടിലൂടെയുള്ള യാത്ര. കോവിഡ് കാലമായതിനാല്‍ നമ്മളെ ബാധിച്ച ലോക്ഡൗണൊന്നും തട്ടേക്കാട് സ്ഥിരമായി എത്തുന്ന ദേശാടനപക്ഷികളുടെ വരവിന് തടസമായില്ല. ഓക്ടോബറായതോടെ ചൈന, യുകെ തുടങ്ങി പല ദേശങ്ങളില്‍ നിന്നായി വിവിധയിനം അതിഥികളാണ് ഇവിടെയെത്തുന്നത്. 

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ദേശാടനപക്ഷികളെത്തുന്ന സീസണ്‍. മണ്‍സൂണ്‍ തുടങ്ങുമ്പോഴേക്കും മടങ്ങും. സഞ്ചാരികള്‍ക്കൊപ്പം പലയിടങ്ങില്‍ നിന്നായി പക്ഷിനിരീക്ഷകരുമെത്തും.  കുടുംബത്തോടൊപ്പം ശാന്തമായിരിക്കാമെന്നതാണ് സഞ്ചാരികളെ തട്ടേക്കാടേക്ക് ആകര്‍ഷിക്കുന്നത്.  കാടിന് നടുവിലെ വാച്ച് ടവറില്‍ മുകളില്‍ താമസിക്കാനുള്ള സൗകര്യമുണ്ട്. വരും മാസങ്ങളില്‍ ബോട്ടിങ്ങും തുടങ്ങും.