TAGS

ആലപ്പുഴ ചേര്‍ത്തലയില്‍ ഇപ്പോള്‍ ഉദയനാണ് താരം. അംഗപരിമിതർക്കായി സ്വന്തം ചിലവിൽ ബോട്ട് നിർമ്മിച്ചാണ് വര്‍ക് ഷോപ്പുകാരനായ ഉദയകുമാര്‍ ശ്രദ്ധനേടിയത്. വെള്ളപ്പൊക്ക സമയത്ത് ഉള്‍പ്പടെ സൗകര്യപ്പെടുന്ന രീതിയിലാണ് രൂപകല്‍പ്പന.

 

വിളിച്ചാല്‍ വിളിപ്പുറത്തുണ്ട് ഇനി രക്ഷകന്‍. ബോട്ടിന് രക്ഷകനെന്ന് പേരിട്ടത് കഴിഞ്ഞ പ്രളയകാലത്തെ ദുരനുഭവത്തില്‍നിന്നാണ്. ഇനിയൊരു വെള്ളപ്പൊക്കമുണ്ടായാലും അംഗപരിമിതരായ ആളുകളെ രക്ഷപ്പെടുത്താന്‍ സഹായിക്കുന്ന നിലയിലാണ് ബോട്ടിന്റെ ഘടന. നാലുപേര്‍ക്ക് സഞ്ചരിക്കാം.

 

രണ്ടരലക്ഷം രൂപ ചെലവിട്ടാണ് ഉദയകുമാര്‍ ബോട്ടുനിര്‍മിച്ചത്. അംഗപരിമിതയായ ഭാര്യയുടെ കൂടി പ്രയാസങ്ങള്‍ കണ്ടായിരുന്നു നിര്‍മാണം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിദ്ധ എന്ന സംഘടനയ്ക്കാണ് ബോട്ട് കൈമാറിയത്.

 

വെള്ളത്തിൽ മാത്രമല്ല, കരയിലൂടെയും എവിടേക്ക് വേണമെങ്കിലും കൊണ്ടു പോകാനുള്ള സംവിധാനവും ബോട്ടില്‍ ക്രമീകരിച്ചിട്ടുണ്ട്.