കണ്ണൂര്‍ ആറളം ഫാമിലെ കൃഷിയിടത്തോട് ചേര്‍ന്നുള്ള കാട്ടില്‍ കാട്ടാന പ്രസവിച്ചു. അമ്മക്കും കുഞ്ഞിനും സുരക്ഷാകവചം തീര്‍ത്ത് ഏഴു കാട്ടാനകളാണ് നിലയുറപ്പിച്ചത്.

ആറളം ഫാമിലെ ഒന്നു – രണ്ടു ബ്ലോക്കുകള്‍ക്കിടയിലുള്ള കൃഷിഭൂമിയോടു ചേര്‍ന്നുള്ള കാട്ടിലാണ് ആന പ്രസവിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് പ്രസവിച്ചതെന്നാണ് സംശയം. അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണമൊരുക്കാന്‍ ഏഴു കാട്ടാനകളാണ് നിലയുറപ്പിച്ചത്. ഇതോടെ വനപാലകര്‍ക്ക് ഈ മേഖലയിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. കാട്ടാനകളെ കൂട്ടത്തോടെ കണ്ടതിനെ തുടര്‍ന്ന് സമീപത്തെ മരത്തില്‍ കയറി വനപാലകര്‍ നിരീക്ഷിക്കുകയായിരുന്നു. അപ്പോഴാണ് കാട്ടാന പ്രസവിച്ചത് ശ്രദ്ധയില്‍പ്പെട്ടത്.

ആറളം പുനരധിവാസ മേഖലയില്‍ കഴിഞ്ഞ ദിവസം കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കാട്ടാനകളെ തുരത്താന്‍ വനപാലക സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയത്.