എടക്കര(മലപ്പുറം): ഭാര്യയും 3 മക്കളും മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ ഭർത്താവിനെയും മരിച്ചനിലയിൽ കണ്ടെത്തി. പോത്തുകല്ല് ഭൂദാനം തുടിമുട്ടിയിലെ മുതുപുരയിടത്ത് വീനിഷ് (36) ആണ് മരിച്ചത്. തുടിമുട്ടിയിലെ വീടിനു സമീപത്തെ റബർ തോട്ടത്തിൽ ഇന്നലെ പുലർച്ചെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ രഹന (34), മക്കളായ ആദിത്യൻ (13), അർജുൻ (11), അനന്തു (9) എന്നിവരെ കഴിഞ്ഞ ഞായർ രാവിലെ 11ന് ഞെട്ടിക്കുളത്തെ വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ടാപ്പിങ് തൊഴിലാളിയായ വിനീഷ് കണ്ണൂർ ഇരിക്കൂറിൽ ജോലി സ്ഥലത്തായിരിക്കുമ്പോഴാണ് ഭാര്യയുടെയും മക്കളുടെയും മരണം. ഇതിനു ശേഷം നാട്ടിൽ തിരിച്ചെത്തിയതായിരുന്നു. രാത്രി 12 നു ശേഷം വിനീഷിനെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോത്തുകല്ല് പൊലീസ് പറഞ്ഞു. വിനീഷിന്റെ മൃതദേഹം ഇന്നലെ രാത്രി സംസ്കരിച്ചു.
ഉത്തരങ്ങൾ നൽകാൻ വിനീഷും ബാക്കിയില്ല
സന്തോഷത്തോടെ കണ്ടിരുന്ന കുടുംബത്തിന്റെ ദാരുണമായ അന്ത്യത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. രഹ്നയുടെ അമ്മാവന്റെ മകനാണ് വിനീഷ്. ഭാര്യയുടെയും മക്കളുടെയും മരണത്തെ തുടർന്ന് ജോലിസ്ഥലത്തുനിന്ന് നാട്ടിലെത്തിയ വിനീഷ് വീടിനു പുറത്തിറങ്ങുകയോ ആരുമായി സംസാരിക്കുകയോ ചെയ്തിരുന്നില്ല. രഹ്നയുടെയും മക്കളുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബ പ്രശ്നം ഉണ്ടായിരുന്നുവെന്നും പിതാവ് രാജൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പൊലീസ് അന്വേഷണം ആരംഭിക്കുന്നതിനിടെയാണ് വിനീഷിന്റെ മരണം. കഴുത്തിൽ കയർ മുറുകിയാണ് രഹ്നയുടെയും മക്കളുടെയും മരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. വിഷം കലർന്ന ഭക്ഷണം കഴിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ വീട്ടിൽ നിന്നു സാംപിൽ ശേഖരിച്ച് കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.