poster-wb

ഭാര്യ സ്ഥാനാർഥി, ഭർത്താവ് ഫോട്ടോഗ്രാഫര്‍, അപ്പോള്‍ പിന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഫോട്ടോയെടുക്കാന്‍ പുറത്തുനിന്ന് ആരും വേണ്ടെല്ലോ. പതിവ് തിരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിന്ന് മാറി ന്യൂജെൻ ക്യാൻഡിഡ് പോസ്റ്ററുകള്‍ പരീക്ഷിച്ച് ശ്രദ്ധേയരായിരിക്കുകയാണ് മലപ്പുറത്തെ ഒരു ദമ്പതികള്‍. 

എടപ്പാൾ ഗ്രാമപഞ്ചായത്തിലെ ഇടതുപക്ഷ സ്ഥാനാർഥി നെബില നാസറും ഭർത്താവ് നാസർ എടപ്പാളുമാണ് മാറിയ തിരഞ്ഞെടുപ്പ് കാലത്തെ, പോസ്റ്ററുകളിലൂടെ വീണ്ടും മാറ്റിയത്.

വയലിലും, കവലയിലും, ചായക്കടയിലും, കടല്‍തീരത്തുമെല്ലാം നില്‍ക്കുന്ന സ്ഥാനാര്‍ഥി. എടപ്പാൾ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി നെബില നാസർ, വോട്ടാര്‍മാരോട് പറയാനാഗ്രഹിക്കുന്നതും ഈ ചിത്രങ്ങളിലെ പ്രകടമായ ആശയമാണ്. ഫോട്ടോഗ്രാഫർ കൂടിയായ ഭർത്താവിന്റെ ആശയത്തിൽ ഉദിച്ചതാണ് പതിവ് രീതിയിൽ നിന്നുള്ള മാറ്റം. പോസ്റ്ററിലെതുപോലെ മൂന്നാം വാര്‍ഡിലും ഇക്കൊല്ലം മാറ്റത്തിന്റെ ചിത്രം വരയ്ക്കാമെന്നാണ് നെബിലയുടെ പ്രതീക്ഷ. 

നാസര്‍ എടപ്പാളിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ, ഫോട്ടോയെടുക്കാൻ സ്ഥാനാർഥികളുടെ തിരക്കാണ്. എന്നാല്‍ ഫോട്ടോഗ്രഫി തിരക്കുകൾ മാറ്റിവെച്ച് ഭാര്യക്കൊപ്പം പ്രചാരണ രംഗത്ത് സജീവമാകാനാണ് നാസറിന്റെ തീരുമാനം.