ശംഖുമുഖം കടല്‍ത്തീരത്ത് കാനായി കുഞ്ഞിരാമന്റെ സാഗര കന്യക ശില്‍പത്തിനരികെ ഹെലികോപ്ടര്‍ സ്ഥാപിച്ചത് വന്‍വിവാദത്തിലേക്ക്. ടൂറിസം വകുപ്പ് തന്നെ അപമാനിച്ചെന്ന് കാനായി തുറന്നടിച്ചു. എത്രയുംവേഗം ഹെലികോപ്ടര്‍ അവിടെനിന്ന് മാറ്റണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കോവിഡ് നിയന്ത്രണങ്ങള്‍കാരണം ശംഖുമുഖം തീരം അടച്ചിട്ടിരുന്ന സമയത്താണ് ടൂറിസം വകുപ്പിന്റെ പരിഷ്കാരം. സാഗരകന്യക ശില്‍പത്തിന് തൊട്ടടുത്താണ് പടുകൂറ്റന്‍ കോണ്‍ക്രീറ്റ് പീഠം നിര്‍മിച്ച് അതില്‍ ഹെലികോപ്ടര്‍ സ്ഥാപിച്ചത് സാഗര കന്യകാ ശില്‍പവും അത് ഉള്‍ക്കൊള്ളുന്ന പൂന്തോട്ടവും കാനായി കുഞ്ഞിരാമനാണ് രൂപകല്‍പനചെയ്തത്. പുല്‍ത്തകിടിയും ചെറിയകുന്നുകളുമൊക്കെ ഉള്‍ക്കൊള്ളുന്ന പൂന്തോട്ടം ഇപ്പോള്‍ സിമന്റ്ുപൊടികൊണ്ടു നിറഞ്ഞു. പുല്‍ത്തകടിക്ക് കുറുകെ ഒരാസൂത്രണവും ഇല്ലാതെ തലങ്ങുംവിലങ്ങും കോണ്‍ക്രീറ്റ് പാതകള്‍. വിനോദസഞ്ചാര വകുപ്പിന്റെ വകതിരിവില്ലായ്മക്കെതിരെ കാനായി ആഞ്ഞടിച്ചു.
ബാബുകുഴിമറ്റത്തിന്റെ കഥാസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങാണ് പ്രതിഷേധത്തിന് വഴിമാറിയത്. കാനായിയെയും അദ്ദേഹത്തിന്റെ സൃഷ്ടിയെയും അപമാനിക്കുന്ന നിര്‍മാണങ്ങള്‍ നിര്‍ത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശംഖുമുഖത്തെ വികലമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരെ നേരത്തെയും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.