2018ലെ മഹാപ്രളയത്തിൽ എറണാകുളം രാമമംഗലംകാർ മറക്കാത്ത പേരാണ് ബിന്നി മെട്രോ. സ്വന്തം വീടും കടയും  വെള്ളത്തിൽ മുങ്ങിയതറിയാതെ നൂറ് കണക്കിന് ആളുകളുടെ ജീവനാണ് ബിന്നിയും കൂട്ടുകാരും അന്ന് രക്ഷിച്ചത്. ഈ തിരഞ്ഞെടുപ്പിൽ രാമമംഗലം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയാണ് ബിന്നി. 

 

 

കരകവിഞ്ഞൊഴുകിയ മൂവാറ്റുപ്പുഴയാറിന്റെ തീരത്ത് പകച്ചുനിന്ന കുടുംബങ്ങളെ ഈ ചെറുവള്ളത്തിലെത്തിയാണ് ബിന്നിയും കൂട്ടുകാരും രക്ഷിച്ചത്. 

 

പുഴയിലെ മാലിന്യം നീക്കാനുപയോഗിക്കുന്ന ഫൈബർ ബോട്ടിൽ നാട്ടുകാരെ സുരക്ഷിത സ്ഥാനത്തെത്തിക്കുമ്പോൾ സ്വന്തം വീട്ടിൽ വെള്ളം ഇരച്ചുകയറിയത് ബിന്നി അറിഞ്ഞില്ല. ലൈറ്റ് ആൻഡ് സൗണ്ട് കട നടത്തിയിരുന്ന ബിന്നിയുടെ വീട്ടിലും കടയിലുമായി സൂക്ഷിച്ചിരുന്ന ഉപകരണങ്ങളെല്ലാം പ്രളയത്തിൽ നശിച്ചു. ബാക്കിയായത് നഷ്ടക്കണക്കുകൾ മാത്രം. 

 

 

തദ്ദേശതിരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികളും മൽസരിക്കാൻ ആവശ്യപ്പെട്ടെങ്കിലും സ്വതന്ത്രനായി നിൽക്കാനായിരുന്നു ബിന്നിയുടെ തീരുമാനം. നാട്ടുകാരുടെ പിന്തുണയാണ് ആകെയുള്ള ബലം. 

 

തിരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും ജനങ്ങളുടെ എന്താവശ്യത്തിനും ഓടിയെത്തുമെന്ന് ബിന്നി ഉറപ്പുനൽക്കുന്നു. പൂർണപിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്.