കോഴിക്കോട് കോട്ടാംപറമ്പിലെ ഷിഗെല്ലാ രോഗ വ്യാപനം വെള്ളത്തിലൂടെ തന്നെ. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ അന്തിമ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ പ്രദേശത്ത് രോഗവ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഈ പഠനം നല്‍കുന്നു
കോട്ടാം പറമ്പിലെ 11 വയസുകാരന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്ത 56 പേര്‍ക്കായിരുന്നു ഷിഗെല്ലാ രോഗ ലക്ഷണങ്ങള്‍ കണ്ടെത്. ഇതില്‍ ഈ 11 വയസുകാരന്‍ ഉള്‍പ്പടെ 7 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.ഇവിടെ നടത്തിയ പഠനത്തില്‍ രണ്ടു കിണറുകളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. മരണ വീട്ടില്‍ വിതരണം ചെയ്ത വെള്ളത്തിലൂടെയാണ് രോഗം പടര്‍ന്നതെന്നാണ് പഠന റിപ്പോര്‍ട്ട്. ഈ മേഖലയില്‍ നിരന്തരമായ ശുചീകരണം വേണമെന്നും വീണ്ടും രോഗം റിപ്പോര്‍ട്ടുചെയ്യാനുള്ള സാധ്യതയുണ്ടെന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു.മുണ്ടിക്കല്‍താഴം, മൂഴിക്കല്‍, ചെലവൂര്‍, വെള്ളിപറമ്പ്, ഒളവണ്ണ, ഫറോക്ക് , കടലുണ്ടി , പന്തീരങ്കാവ് എന്നിവിടങ്ങളില്‍ നിന്നായിരുന്നു ആളുകള്‍ മരണവീട്ടില്‍ എത്തിയത്.അതു കൊണ്ടുതന്നെ ഈ പ്രദേശങ്ങളിലും ആരോഗ്യവകുപ്പിന്റെ ശ്രദ്ധ ആവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.അതേ സമയം ഇന്നലെ കോട്ടാംപറമ്പില്‍ നടന്ന മെഡിക്കല്‍ ക്യാംപില്‍ രണ്ടു പേര്‍ക്ക് രോഗ ലക്ഷണം കണ്ടിരുന്നു