ആലുവയിലെ ഫ്ലാറ്റിൽ വച്ച് ആക്രമിക്കപ്പെട്ടതായി കാണിച്ച് ചലച്ചിത്രതാരം മീനു മുനീർ നൽകിയ പരാതിയിൽ ട്വിസ്റ്റ്. നടി തന്നെയാണ് ആക്രമിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്ലാറ്റിലെ തന്നെ താമസക്കാരിയായ വീട്ടമ്മ പൊലീസിൽ പരാതി നൽകിയത്. നടി ആക്രമിക്കുന്നതിന്റെ വിഡിയോയും ഇവർ പുറത്തുവിട്ടു. ഭിത്തിയിൽ ചേർത്ത് നിർത്തി മർദ്ദിച്ചെന്നും തല പിടിച്ച് ഇടിച്ചെന്നും പരാതിയിൽ പറയുന്നു. ഫ്ലാറ്റിലെ പാർക്കിങ് ഏരിയയിൽ, ബിൽഡർ ഓഫിസ് മുറി നിർമിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് കൈയ്യാങ്കളിയിൽ അവസാനിച്ചത്. സംഭവത്തിൽ സിനിമ നടിക്കും ബിൽഡറുടെ ജീവനക്കാരിക്കുമെതിരെ നെടുമ്പാശേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
മിനുവിന്റെ പരാതിയിൽ ബിൽഡറുടെ ജീവനക്കാരിക്കും സഹായിക്കുമെതിരെയാണ് കേസെടുത്തതെങ്കിലും എതിർ വിഭാഗത്തിന്റെ പരാതിയിൽ താരത്തിനെതിരെയും കേസെടുത്തു. ആലുവ കിഴക്കേ ദേശം പെന്റൂണിയ ഫ്‌ളാറ്റിൽ താമസിക്കുന്ന തൊടുപുഴ സ്വദേശി മീനു കുര്യൻ എന്ന മിനു മുനീറയുടെ (45) പരാതിയിൽ ഫ്ലാറ്റിന്റെ പ്രോജക്ട് കോഓർഡിനേറ്റർ പത്തനംതിട്ട അടൂർ സ്വദേശിനി സുമിത മാത്യു, സഹായി മനോജ് എന്നിവർക്കെതിരെയാണ് കേസ്. പരാതിക്കൊപ്പമുള്ള സിസിടിവി ദൃശ്യത്തിൽ പുരുഷന്റെ അടിയേറ്റ് നടി നിലത്തുവീഴുന്നുണ്ട്. ഫ്ലാറ്റിന്റെ പാർക്കിങ് ഏരിയയിൽ ബിൽഡർ അനധികൃതമായി ഓഫിസ് മുറി നിർമിച്ചത് ചോദ്യം ചെയ്ത തന്നെ സുമിത മാത്യുവും സഹായിയും ചേർന്ന് മർദ്ദിച്ചെന്നായിരുന്നു മിനുവിന്റെ പരാതി.
എന്നാൽ രണ്ട് ദിവസത്തിന് ശേഷം സുമിത മാത്യു മറ്റൊരു വിഡിയോ ദൃശ്യം സഹിതം പൊലീസിനെ സമീപിച്ചു. ഇതിൽ സുമിത മാത്യുവിനെ നടി പിന്തുടർന്ന് മർദ്ദിക്കുന്നുണ്ട്. കോടതി ഉത്തരവ് ലംഘിച്ച് ഓഫിസിലേക്ക് കയറിയതിനാൽ ഈ സമയം പൊലീസും സ്ഥലത്തുണ്ടായിരുന്നു. വനിതാ പൊലീസ് ഇല്ലാത്തതിനാൽ ഇവരെ പിടിച്ചുമാറ്റാനായില്ല. രണ്ടുകൂട്ടരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്.