എസ്റ്റേറ്റ് ഭൂമി വിട്ടു കിട്ടാത്തതിനാല്‍ പ്രതിസന്ധിയിലായി വയനാട് ജില്ലയിലെ മലയോര ഹൈവേ നിര്‍മാണം. മേപ്പാടിമുതല്‍ ചൂരല്‍മലവരെയുള്ള ഭാഗത്താണ് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നത്. 

പതിമൂന്ന് കിലോമീറ്ററോളം വരുന്ന റോഡ് കടന്നുപോകുന്ന ഭൂരിഭാഗം സ്ഥലങ്ങളും തേയില തോട്ടമാണ്. ചെറുകിട തോട്ടം ഉടമകള്‍ ഭൂമി വിട്ടു നല്‍കിയെങ്കിലും വന്‍കിട കമ്പനികളില്‍നിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇതോടെ പലയിടത്തായാണ് റോ‍ഡ് നിര്‍മാണം നടക്കുന്നത്. നിര്‍മാണ കാലാവധി നാലുവട്ടം നീട്ടി ലഭിച്ചിട്ടും ഭൂമി ലഭിക്കാത്തതിനാല്‍ കരാറുകാരനും വെട്ടിലായി.

പുത്തുമല ഉള്‍പ്പടെ പ്രളയം ഏറെ ബാധിച്ച തോട്ടം മേഖലയിലൂടെയാണ് പാത കടന്നുപോകുന്നത്. എം.എല്‍.എ ഉള്‍പ്പടെയുള്ളവര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും അനുകൂല നടപടി ഉണ്ടാകുന്നില്ല. നിലവിലെ പാത മിക്കയിടങ്ങളിലും തകര്‍ന്ന് കിടക്കുന്നതിനാല്‍ ഈ പ്രദേശത്തേക്കുള്ള യാത്രയും ദുഷ്ക്കരാമണ്.