TAGS

അക്ഷരക്കൂട്ടിലൂടെ ഒരു പെണ്‍കൂട്ടായ്മ – അതാണ് കണ്ണൂർ ജില്ലയിലെ മയ്യിൽ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന തായംപൊയിൽ സഫ്ദർ ഹാഷ്മി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വനിതാവേദി. 2007ൽ രൂപീകരിച്ച ഈ വനിതാകൂട്ടായ്മ സ്ത്രീകളുടെ തൊഴിൽ പരിശീലനം, തുടർവിദ്യാഭ്യാസം, വായനയുടെ പോഷണം തുടങ്ങിയ മേഖലകളിലാണ് മുഖ്യമായും ഊന്നൽ നൽകുന്നത്. വനിതാവേദിക്ക് സ്വന്തം ബ്രാൻഡ് നെയിമിലുള്ള ബദൽ ഉൽപാദന യൂണിറ്റുമുണ്ട്. 

കണ്ണൂർ ജില്ലയിലെ മയ്യിൽ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം വനിതാവേദി സ്ത്രീശാക്തീകരണം, സംരംഭകത്വ വികസനം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ 2007 മുതൽ സജീവമാണ്. ജില്ലയിലെ മികച്ച വനിതാ കൂട്ടായ്മയ്ക്ക് ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ പുരസ്കാരത്തിന് 2020ൽ വനിതാവേദി അർഹരായി. സ്ത്രീകളുടെ നൈപുണ്യ വികസനം, തുടർവിദ്യാഭ്യാസം, ശിശു സംരക്ഷണം, വായനാപ്രോത്സാഹനം എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളുമായി വിജയകരമായി മുന്നേറുന്ന വനിതാവേദിയുടെ പ്രവർത്തനങ്ങൾ വേറിട്ടു നിൽക്കുന്നു. 

കഴിഞ്ഞ വർഷം മാത്രം കുട്ടികൾക്ക് കരകൗശല നിർമാണ പരിശീലനം, യോഗ പരിശീലനം, വനിതാ തൊഴിൽ പരിശീലനം, കേക്ക് നിർമാണ പരിശീലനം, വനിതാസംഗമം, ബോട്ടിൽ ആർട്ട്, പോട്ട് പെയിന്റിങ്, സാരി പെയിന്റിങ് എന്നിങ്ങനെ വിവിധ പരിശീലന പരിപാടികൾ വനിതാവേദി നടത്തി. ഊർജസംരക്ഷണ സിഗ്നേച്ചർ ക്യാംപെയൻ, നക്ഷത്രവിളക്ക് നിർമാണ പരിശീലനം, ഹാൻഡ് വാ​ഷ് നിർമാണ പരിശീലനം, മാസ്ക് നിർമാണവും വിതരണവും, എൽഇഡി ബൾബ് നിർമാണം എന്നിങ്ങനെ പരിശീലനത്തിലും വനിതാവേദി പങ്കാളികളായി. 

വനിതാവേദി പ‌െൺമ എന്ന പേരിൽ സ്വന്തം ബ്രാൻഡ് നെയിമിലുള്ള ബദൽ ഉൽപാദന യൂണിറ്റ് വർഷങ്ങളായി പ്രവർത്തിച്ചുവരുന്നു. ഹാൻഡ്‌വാഷ്, മാസ്ക്, സോപ്പ്, വാഷിങ് പൗഡർ എന്നിങ്ങനെ വിവിധ ഉൽപന്നങ്ങളും ഭക്ഷ്യ ഉൽപന്നങ്ങളും ഉണ്ടാക്കി, ലൈബ്രറിയിലെ സ്ഥിരം വിൽപനകൗണ്ടർ വഴി ഇവ വിതരണം ചെയ്യുന്നുണ്ട്. പ്രദർശന വിപണന മേളകളും നടത്തുന്നുണ്ട്. കൂൺകൃഷി, അടുക്കളത്തോട്ട നിർമാണം, ബ്യൂട്ടിപാർലർ മാനേജ്മെന്റ് എന്നിങ്ങനെ വിവിധ തൊഴിൽ പരിശീലനം നൽകുന്നുണ്ട്. ദന്തസംരക്ഷണ പരിശീലന ക്യാംപും ജീവിതശൈലീ രോഗനിർണയ ക്യാംപും ആയുർവേദ ബോധവൽക്കരണവും നടത്തിയതിലൂടെ ആരോഗ്യപരിപാലനത്തിനും ഊന്നൽ നൽകുന്നു.