ഭർത്താവിന്റെ കൺമുന്നിൽ വച്ച് പിടഞ്ഞു മരിച്ച നിഷയെ ഓർത്ത് തേങ്ങി നാട്. കോട്ടയം നാഗമ്പടം പാലത്തിനു സമീപമാണ് ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത യുവതി ടോറസ് ലോറിക്ക് അടിയിൽപെട്ടു മരിച്ചത്. നാഗമ്പടം മീനച്ചിലാർ പാലത്തിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് ഇന്നലെ രാവിലെ 9.20 നായിരുന്നു അപകടം. നട്ടാശേരി പുത്തേട്ട് വൈശാഖ് ഭവനിൽ പ്രകാശ് ഗോപിയുടെ ഭാര്യ നിഷ പ്രകാശിന് (43) ആണ് ദാരുണാന്ത്യം സംഭവിച്ചത്.
അപകടം നടന്നതിനു പിന്നാലെ നിരവധി പേരാണ് ദൃശ്യങ്ങൾ ഷെയർ ചെയ്തിരുന്നു. ഇത്തരം ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നതിനെക്കുറിച്ച് മാനസികാരോഗ്യ വിദഗ്ധൻ ഡോ. സി.ജെ.ജോൺ പറയുന്നത്:
‘മറ്റുള്ളവരെക്കുറിച്ച് കരുതൽ ഇല്ലാത്തവരുടെ പ്രതികരണമാണ് അപകടത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ വെളിവാകുന്നത്. അപകടം നടക്കുമ്പോൾ അതിന്റെ ദൃശ്യം പകർത്താതെ അപകടത്തിൽപെട്ടയാൾക്ക് വേണ്ട സഹായമാണ് സാധാരണ ചെയ്തു നൽകേണ്ടത്. എന്നാൽ, ‘ഞാൻ കേമൻ’ ആണെന്നു കാണിക്കാനുള്ള ശ്രമമാണു ദൃശ്യങ്ങൾ പകർത്തി പത്തു പേർക്ക് അയയ്ക്കുന്നതിലൂടെ ചെയ്യുന്നത്. ഇത്തരത്തിൽ ദൃശ്യങ്ങൾ ലഭിച്ചാൽ അതു ഷെയർ ചെയ്യുന്നവരും ഇതേ മനഃസ്ഥിതിയുള്ളവർ തന്നെ.
ആദ്യ വിഭാഗം അപകടത്തിൽപെടുന്നവരെക്കുറിച്ച് ചിന്തിക്കാതെ ഇരിക്കുമ്പോൾ രണ്ടാമത്തെ വിഭാഗം ഈ ദൃശ്യങ്ങൾ കാണുന്നവരുടെ മാനസികാവസ്ഥ ചിന്തിക്കുന്നില്ല. അപകടദൃശ്യങ്ങൾ കണ്ട് ഉറക്കം പോയ പലരും എന്റെ അടുത്ത് ചികിത്സ തേടി എത്തിയിട്ടുണ്ട്. ഇപ്പോൾ വാട്സാപ് ഗ്രൂപ്പുകളിലേക്ക് ആണ് എല്ലാവരും ഇടുന്നത്. ഇതിൽ ആരൊക്കെയാണ് അംഗങ്ങൾ, അവർക്ക് ഇതു കണ്ടാലുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചൊന്നും ചിന്തയില്ല. അപകട ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ പത്രങ്ങളും ചാനലുകളും അതു കാണാത്ത വിധമാക്കിയാണു നൽകുക. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഇത്തരം മറകളില്ല''.