deen-pinarayi-home

കേരള രാഷ്ട്രീയത്തിൽ പല തവണ ചർച്ചയായിട്ടുള്ള ഒന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന്റെ ഭാഗമായി സ്വത്ത് വിവരം അദ്ദേഹം ഇന്നലെ സമർപ്പിച്ചതോടെയാണ് വീട് വീണ്ടും പ്രതിപക്ഷം ചർച്ചയാക്കുന്നത്. വീടിന്റെ ചിത്രം പങ്കിട്ട് ഡീൻ കുര്യാക്കോസ് എംപിയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ‘കെഎം ഷാജിയുടെ വീടിന് മുന്ന് കോടി വില നിശ്ചയിച്ച വിജിലൻസിനും, ഈഡി ക്കും പിണറായിലെ 58 സെന്റ് സ്ഥലവും ഒരു ഇരുനില വീടും 8:7ലക്ഷം രൂപക്ക് .സംശയം ഒന്നുമില്ലല്ലോ ആർക്കും..’ ഡീൻ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ 86.95 ലക്ഷം രൂപയുടെ ഭൂസ്വത്ത് എന്നാണ് സത്യവാങ്മൂലം. പിണറായിയിലെ വീടും സ്ഥലവും ഉൾപ്പെടെയാണിത്. പിണറായിയുടെ പേരിൽ 51.95 ലക്ഷം രൂപയുടെ സ്വത്തും ഭാര്യയുടെ പേരിൽ 35 ലക്ഷം രൂപയുടെ സ്വത്തുമാണുള്ളത്. ബാങ്ക് നിക്ഷേപം, ഓഹരി ഇനത്തിലായി പിണറായി വിജയന് 204048 രൂപയും ഭാര്യക്ക്  2976717 രൂപയുമുണ്ട്.

ധർമടം നിയമസഭാ മണ്ഡലത്തിലേക്ക് പിണറായി വിജയൻ സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം കാണിച്ചിരിക്കുന്നത്. പിണറായിയുടെ കൈവശം പണമായി 10,000 രൂപയും ഭാര്യയുടെ കൈവശം 2000 രൂപയുമാണുള്ളത്. 3,30,000 രൂപയുടെ സ്വർണമാണ് ഭാര്യയ്ക്കുള്ളത്. കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിൽ(കിയാൽ) പിണറായി വിജയന് ഒരു ലക്ഷം രൂപയുടെയും ഭാര്യ കമലയ്ക്ക് 2 ലക്ഷം രൂപയുടെയും ഓഹരിയുണ്ട്.

മലയാളം കമ്യൂണിക്കേഷൻസിൽ പിണറായി വിജയന് 10,000 രൂപയുടെയും ഭാര്യയ്ക്ക് 20,000 രൂപയുടെയും ഓഹരിയാണുള്ളത്. 3 കേസുകളുടെ കാര്യവും പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.