lekshmi-bhai-interview

ജനാധിപത്യഭരണത്തിന് വഴിമാറിയെങ്കിലും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ രാജവംശത്തിനുള്ള ഉടമസ്ഥാവകാശം സംബന്ധിച്ച് നിയമപ്രശ്നമുണ്ടാകുമെന്ന് തിരുവിതാംകൂറിന്റെ അവസാന രാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ബായി. സ്വത്തുക്കളെല്ലാം ശ്രീപത്മനാഭന്റേതുമാത്രമാണ്. ക്ഷേത്രത്തിന്റെ ഒരുതരി മണ്ണുപോലും ആഗ്രഹിച്ചിട്ടില്ല. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ബായി രചിച്ച ഹിസ്റ്ററി ലിബറേറ്റഡ് എന്ന പുതിയ പുസ്തകത്തിലാണ് തിരുവിതാംകൂര്‍ ചരിത്രത്തിലെ അറിയാ ഏടുകള്‍ . പുതിയ പുസ്തകത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അവര്‍ മനോരമ ന്യൂസുമായി സംസാരിച്ചു. 

1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാതെ സ്വതന്ത്ര തിരുവിതാംകൂറായി നിലനില്‍ക്കണമെന്ന ആശയം സര്‍ സി.പി. രാമസ്വാമി അയ്യരുടേതല്ലെന്നും പുസ്തകത്തില്‍ പറയുന്നു. അന്നത്തെ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ തന്നെ ആശയമായിരുന്നു. കാരണം ഇന്ത്യന്‍ യൂണിയനില്‍ സ്വാഭാവികമായും ഉത്തരേന്ത്യക്കാരുടെ മേല്‍ക്കോയ്മയാകും ഉണ്ടാകുക. തെക്കന്‍ മേഖലയിലെ കൊച്ചുനാട്ടുരാജ്യത്തെ അവര്‍ സാംസ്കാരികമായും വിഴുങ്ങുമെന്ന് അദ്ദേഹം ഭയപ്പെട്ടു. മറ്റൊരുകാരണം കൂടിയുണ്ട്. കശ്മീര്‍ രാജാവും ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ ആദ്യം കൂട്ടാക്കിയിരുന്നില്ല. അതേമാതൃകയില്‍ തിരുവിതാംകൂറിനും പ്രത്യേക പദവി നേടിയെടുക്കണമെന്നും ശ്രീചിത്തരതിരുനാള്‍ ചിന്തിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ അനന്തരവള്‍ കൂടിയായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ബായി വെളിപ്പെടുത്തുന്നു. അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം