jose-kummanam-mercy-pc-02

പിസി ജോര്‍ജിന്റെയും കെ മുരളീധരന്റെയും വീഴ്ചകളടക്കം വന്‍ അട്ടിമറികള്‍ക്കും ഇടതുതരംഗം വഴിവച്ചു. അതേസമയം മേഴ്സിക്കുട്ടിയമ്മയുടെയും ജോസ് കെ മാണിയുടെയും തോല്‍വികള്‍ ഇടതുമുന്നണിയെ തന്നെ ഞെട്ടിച്ചു. മുന്നണികള്‍ക്കൊപ്പം നിന്നും മുന്നണികളെ വെല്ലുവിളിച്ചും ഒറ്റയാനായി ജയിച്ചുപോന്ന പ്ലാന്തോട്ടത്തില്‍ ചാക്കോ ജോര്‍ജ് എന്ന പിസി ഇത്തവണ വോട്ടെണ്ണലിന്റെ തുടക്കംമുതല്‍ കിതച്ചു. ഒരിക്കല്‍ പോലും ലീഡ് നേടാനായില്ല. 2016ലെ, 27,821 വോട്ടിന്‍റെ മിന്നുംവിജയം ഇക്കുറി 11,404 വോട്ടിന്റെ പരാജയമായി പരിണമിച്ചു. കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള ബലാബലത്തില്‍ പിസി എക്കാലവും ശത്രുപക്ഷത്ത് നിര്‍ത്തിയ കെഎം മാണിയുടെ  കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് ജയന്റ് കില്ലറായത്. 

 

മാണി സി. കാപ്പനെ വിട്ട് ജോസില്‍ പ്രതീക്ഷയര്‍പ്പിച്ച ഇടതിന് പാലായില്‍ തെറ്റി. യുഡിഎഫിനൊപ്പം നിന്ന് 11,246 ന്‍റെ ഭൂരിപക്ഷത്തോടെ മാണി സി. കാപ്പന്‍ മണ്ഡലം നിലനിര്‍ത്തി. ശക്തമായ ഇടത് തരംഗത്തിനിടയിലും ജോസ്കെ.മാണി സമ്പൂര്‍ണ പരാജയമായി.

 

ശിവന്‍ കുട്ടിയിലൂടെ നേമം ഇടതുപക്ഷം തിരിച്ചുപിടിച്ചതിന് രാഷ്ട്രീയമാനമേറെയാണ്. പലവട്ടം ലീഡ് മാറി മറിഞ്ഞെങ്കിലും അവസാനലാപ്പില്‍ 5,750 വോട്ടിന് കുമ്മനം വീണു. ഒരേയൊരു സിറ്റിങ് സീറ്റും അങ്ങനെ തീര്‍ന്നു. ബിജെപിക്കെതിരെ ശക്തനായി കോണ്‍ഗ്രസ് അവതരിപ്പിച്ച കെ. മുരളീധരന് മൂന്നാം സ്ഥാനത്തുമായി. 

 

മല്‍സരിച്ച മന്ത്രിമാരെല്ലാം ജയിച്ചുകയറിയപ്പോള്‍ മേഴ്സിക്കുട്ടിയമ്മയുടെ തോല്‍വി മുന്നണിയെ ‍ഞെട്ടിച്ചു. 6,348 വോട്ടിനാണ് പിസി വിഷ്ണുനാഥിന്റെ വിജയം. 2016ല്‍ എല്‍ഡിഎഫ് സമ്പൂര്‍ണ ആധിപത്യം നേടിയ കൊല്ലത്ത് ഈ വിജയം യുഡിഎഫിന് നേരിയ ആശ്വാസമായി. 

 

തൃത്താല ത്രില്ലറില്‍ ഒടുവില്‍ എം.ബി.രാജേഷിന്‍റെ ഫോട്ടോ ഫിനിഷ്. പല തവണ ലീഡ് നില മാറി മറിഞ്ഞു, ഒടുവില്‍ 3,173 വോട്ടുകള്‍ക്ക് വിടി.ബല്‍റാം തോറ്റു. ബല്‍റാമിന് ഹാട്രിക് വിജയ നഷ്ടം കൂടിയാണിത്. 

 

2011ലും 2016ലും ഇടതുപക്ഷത്തെ വിറപ്പിച്ച് അഴീക്കോട് നിന്ന് ജയിച്ച് കയറിയ കെ.എം.ഷാജിക്കും ഇത്തവണ ഹാട്രിക് നഷ്ടമായി. എം.വി. നികേഷ് കുമാറിനെയിറക്കി 2016ല്‍ സിപിഎം നടത്തിയ പരീക്ഷണത്തെയും മറികടന്ന ഷാജിയെ ഇത്തവണ വീഴ്ത്തിയത് കന്നിയങ്കത്തിനിറങ്ങിയ കെ.വി. സുമേഷ്. 5,474 ലാണ് ഭൂരിപക്ഷം.

 

അഴിമതി ആരോപണ നിഴലിലുള്ള വി.കെ.ഇബ്രാഹീം കുഞ്ഞിനെ  മാറ്റി നിര്‍ത്തിയെങ്കിലും മകനെയിറക്കി ലീഗ് പരീക്ഷണം നടത്തിയെങ്കിലും കളമശേരിയിലെ പി രാജീവിന്റെ വിജയം ഫലത്തില്‍ കുഞ്ഞിനും ലീഗിനമുള്ള പ്രഹരമാണ്. ഇവി അബ്ദുള്‍ മേല്‍ 10,850 എന്ന ഭൂരിപക്ഷത്തിന്‍റെ ആധികാരിക ജയമാണ് രാജീവ് നേടിയത്.