ആര്യനാട്: അരുവിക്കര നിയോജക മണ്ഡലത്തിൽ അട്ടിമറിയിലൂടെ എൽഡിഎഫ് സ്ഥാനാർഥി ജി. സ്റ്റീഫൻ വിജയിച്ചത് യുഡിഎഫ് പ്രവർത്തകരെ ഞെട്ടിച്ചു. 2016ലെ തിരഞ്ഞെടുപ്പിൽ 21,314 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ശബരീനാഥന് ആണ് ഇൗ തിരഞ്ഞെടുപ്പിൽ അടിപതറിയത്. ഇതോടെ മണ്ഡലത്തിലെ 30 വർഷത്തെ യുഡിഎഫ് ഭരണത്തിന് തിരശീല വീണു. 1991 ൽ ആർഎസ്പി സ്ഥാനാർഥി കെ.പങ്കജാക്ഷനെ പരാജയപ്പെടുത്തി ജി.കാർത്തികേയൻ വിജയിച്ചതോടെ ആണ് മണ്ഡലം യുഡിഎഫ് പിടിച്ചെടുക്കുന്നത്.
തുടർന്ന് കാർത്തികേയന്റെ മരണശേഷം കെ.എസ്.ശബരീനാഥൻ സ്ഥാനാർഥിയായി. 2015 ലെ ഉപതിരഞ്ഞെടുപ്പിലും തുടർന്ന് 2016 ൽ നടന്ന തിരഞ്ഞെടുപ്പിലും ശബരീനാഥൻ വിജയിച്ചിരുന്നു. ഇൗ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായ കനത്ത തിരിച്ചടിയാണ് കെ.എസ്.ശബരീനാഥന്റെ പരാജയം. തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി നിർണയത്തിലെ അപാകതയും പരാജയവുമെല്ലാം ഇൗ തിരഞ്ഞെടുപ്പിനെയും ബാധിച്ചു. കൂടാതെ യുഡിഎഫിന്റെ ഘടകകക്ഷിയായ മുസ്‌ലിംലീഗിന് ചില പഞ്ചായത്തുകളിൽ സീറ്റ് നൽകാത്തതും തിരിച്ചടിയായി. കോൺഗ്രസ് നേതാക്കളുടെ ഗ്രൂപ്പ് വഴക്കും വിഴുപ്പലക്കലും പരാജയത്തിന് കാരണമായിട്ടുണ്ട്.
6 പഞ്ചായത്തുകളിൽ ഭൂരിപക്ഷം
അരുവിക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി ജി.സ്റ്റീഫന് ഭൂരിപക്ഷം ലഭിച്ചത് 6 പഞ്ചായത്തുകളിൽ. തൊളിക്കോടും വെള്ളനാടും യുഡിഎഫിന് ഒപ്പം നിന്നപ്പോൾ വിതുര, ഉഴമലയ്ക്കൽ, ആര്യനാട്, അരുവിക്കര, പൂവച്ചൽ, കുറ്റിച്ചൽ പഞ്ചായത്തുകൾ എൽഡിഎഫിനെ തുണച്ചു. ആര്യനാട്, അരുവിക്കര, പൂവച്ചൽ പഞ്ചായത്തുകളിൽ ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫിന് ലഭിച്ചു. പഞ്ചായത്തുകളിൽ എൽഡിഎഫിന് ലഭിച്ച ഭൂരിപക്ഷം. ആര്യനാട് (1461), അരുവിക്കര (1188), പൂവച്ചൽ (1195), ഉഴമലയ്ക്കൽ (811), കുറ്റിച്ചൽ (716), വിതുര (421). യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച പഞ്ചായത്തുകൾ തൊളിക്കോട് (109), വെള്ളനാട് (860).