orumuttu

വൈക്കത്ത് തോടുകളിൽ സ്ഥാപിച്ച ഓരുമുട്ടുകൾ പൊളിച്ചുനീക്കാത്തത് ഗുരുതര രോഗ ഭീഷണി ഉയർത്തുന്നു. മാസങ്ങളായി  നീരൊഴുക്ക് നിലച്ച തോടുകളിൽ മാലിന്യം നിറഞ്ഞതോടെയാണ് പ്രദേശം പകർച്ചവ്യാധി ഭീഷണിയിലായത്. കൃഷി ഭൂമിയിൽ ഓരുവെള്ളം  കയറുന്നത് തടയാൻ സ്ഥാപിച്ച മുട്ടുകൾ യഥാസമയം നീക്കം ചെയ്യാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കാർഷിക മേഖലയെ ഉപ്പുവെള്ളത്തിൽ നിന്ന് രക്ഷിക്കാൻ ഇടതോടുകളിൽ ഓരുമുട്ടുകൾ സ്ഥാപിച്ചത്. വാഴമനമുട്ടുങ്കലിൽ 50 മീറ്റർ നീളത്തിലാണ് ഓരുമുട്ട് നിർമിച്ചത്.എന്നാൽ പാടങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ് ഒന്നര മാസമായിട്ടും ജലസേചന വകുപ്പ് മുട്ട് പൊളിച്ചുനീക്കാത്തതാണ് പ്രദേശവാസികൾക്ക് ദുരിതമാവുന്നത്. മുട്ടിനിരുവശവും വെള്ളം കെട്ടിക്കിടന്ന് ദുഷിച്ചതോടെ പ്രദേശത്ത് ദുർഗന്ധം വ്യാപിക്കുകയാണ്. തോടിനിരുവശവുമുള്ള ഉദയനാപുരം, തലയോലപറമ്പ് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുബങ്ങളാണ് കോവിഡ് വ്യാപനത്തിനിടയിൽ മറ്റു പകർച്ചവ്യാധി ഭീഷണി കൂടി നേരിടേണ്ട സ്ഥിതിയിലായിരിക്കുന്നത്. നൂറു കണക്കിന് കുടുംബങ്ങൾ കുളിക്കുന്നതിനും മറ്റുമായിഉപയോഗിച്ചിരുന്ന വെള്ളത്തിൽ പുഴുക്കൾ നിറഞ്ഞ് തുടങ്ങിയതോടെയാണ് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

വെള്ളത്തിലിറങ്ങിയാൽ ശരീരം ചൊറിഞ്ഞ് തടിക്കുന്ന സ്ഥിതിയാണ്. മഴ തുടങ്ങിയതോടെ മറ്റ് ചെറുതോടുകളിൽ നിന്നുമുള്ള മാലിന്യവും ഒഴുകിയെത്തിമുട്ടിനിരുവശവും കെട്ടികിടക്കുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുകയാണ്. ജലസേചന വകുപ്പ് കരാറുകാരൻ്റെ അനാസ്ഥയാണ് യഥാസമയം ഓരുമുട്ട് നീക്കം ചെയ്യാത്തതെന്നാണ് പരാതി. തോട്ടുവക്കം, വാഴമന ഭാഗങ്ങളിലെയും മറ്റു ചെറുതോടുകളിലേയും താൽക്കാലിക ഓരുമുട്ടുകൾ അടിയന്തിരമായിനീക്കം ചെയ്തില്ലെങ്കിൽ  പകർച്ചവ്യാധികൾ പിടിപെടുമെന്ന ആശങ്കയിലാണ് ആയിരക്കണക്കിന് കുടുംങ്ങൾ. കരിയാർ സ്പിൽവ്വെയും തണ്ണീർമുക്കം ബണ്ടും തുറന്ന് കായൽ വേലിയേറ്റം സുഗമമാക്കുകയുംചെയ്താൽ മാത്രമെ പ്രശ്നപരിഹാരമാവുകയുള്ളു എന്നാണ് നാട്ടുകാർ പറയുന്നത്.