‘സത്യപ്രതിജ്ഞ കാണാൻ അമ്മയെ കൊണ്ടുപോകും. അമ്മയാണെന്റെ ഊർജം’– ഗോമതിയമ്മയോടു ചേർന്നുനിന്ന് പി.പ്രസാദ് പറഞ്ഞു. അമ്മയെ കണ്ടയുടൻ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ ഗോമതിയമ്മ മകന്റെ പുറത്തുതട്ടി ആശ്വസിപ്പിച്ചു. മന്ത്രിയാക്കാൻ പാർട്ടി തീരുമാനിച്ച ശേഷം അമ്മയുടെ അടുത്ത് എത്തിയത് ഇന്നലെ രാവിലെയാണ്. മാന്നാർ കുട്ടംപേരൂരിൽ മകൾ സുജാതയ്ക്കൊപ്പമായിരുന്നു ഗോമതിയമ്മ. പ്രസാദും ഭാര്യ ലൈനയും മക്കളും തിരഞ്ഞെടുപ്പു സമയത്ത് ചേർത്തലയിൽ താമസമാക്കിയതോടെയാണ് ഗോമതിയമ്മ മാന്നാറിലേക്കു പോയത്.
തിരുവനന്തപുരത്തുനിന്ന് പ്രസാദ് ചൊവ്വാഴ്ച രാത്രി നൂറനാട്ടെ വീട്ടിലെത്തിയിരുന്നു. കൊല്ലം ചിറ്റുമലയിൽ സഹോദരിക്കൊപ്പമായിരുന്ന ലൈനയും മക്കളും പിന്നാലെ എത്തി. അവിടെനിന്നാണ് സത്യപ്രതിജ്ഞയ്ക്കൊരുങ്ങുന്ന പ്രസാദ് അമ്മയെ കാണാനെത്തിയത്. ‘‘ഏതൊരാളുടെയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടാകും എന്നാണല്ലോ. അത് അമ്മയാകാം, ഭാര്യയാകാം, സഹോദരിയാകാം. അമ്മയുടെ പ്രയാസങ്ങളിൽ ഞാനും പങ്കാളിയായതാണ്. അതൊക്കെ എനിക്ക് ഊർജമായി. അതാണെന്നെ നയിക്കുന്നത്’’ – പ്രസാദ് പറയുന്നു.
അച്ഛൻ പമേശ്വരൻ നായരുടെ രാഷ്ട്രീയ പ്രവർത്തനവും അതിന്റെ പേരിലുള്ള ജയിൽവാസവും കുടുംബത്തെ പിടിച്ചുലച്ചതാണ്. അമ്മയായിരുന്നു താങ്ങ്. കുട്ടംപേരൂർ കൈമാട്ടിൽ വീട്ടിലെത്തിയ പ്രസാദിനെ സുജാതയുടെ ഭർത്താവ് വേണുഗോപാലൻ നായർ സ്വീകരിച്ചു. അമ്മയും മകനും തമ്മിലുള്ള സ്നേഹപ്രകടനം കണ്ടു സുജാതയുടെ കണ്ണും നിറഞ്ഞു. വികാരങ്ങളടക്കി അമ്മയും മകനും പരസ്പരം മധുരം കൈമാറി സന്തോഷത്തിലായി. സിപിഐ മണ്ഡലം സെക്രട്ടറി ജി.ഹരികുമാർ, ചെന്നിത്തല ലോക്കൽ കമ്മിറ്റി സെക്രട്ടറി രഗീഷ്മോൻ, ബുധനൂർ പഞ്ചായത്തംഗം ജി.ഉണ്ണികൃഷ്ണൻ എന്നിവർ മന്ത്രിയെ ഷാൾ അണിയിച്ചു. കൈമാട്ടിൽ വീട്ടിൽനിന്ന് പ്രസാദ് ഇറങ്ങിയത് അയൽക്കാരോടും കുശലം പറഞ്ഞാണ്.
ആലപ്പുഴയിലെ സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയ മന്ത്രിയെ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഷാൾ അണിയിച്ചു സ്വീകരിച്ചു. പിന്നെ യാത്ര ചേർത്തലയിലേക്ക്.ചേർത്തലയിൽ ആദ്യം സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസിൽ കേക്ക് മുറിച്ചു ചെറിയ ആഘോഷം. മുൻ മന്ത്രി പി.തിലോത്തമൻ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. ഏരിയ കമ്മിറ്റി ഓഫിസ്, സിപിഎം അരൂർ ഏരിയ കമ്മിറ്റി ഓഫിസ്, രണ്ടു പാർട്ടിയുടെയും മറ്റ് ഓഫിസുകളിലും സ്വീകരണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഉണ്ടായിരുന്നു.
എ.എം.ആരിഫ് എംപി, നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ, കെ.രാജപ്പൻ നായർ, പി.കെ.സാബു, എസ്.രാധാകൃഷ്ണൻ, മനു സി.പുളിയ്ക്കൽ, എം.സി. സിദ്ധാർഥൻ, എൻ.എസ്.ശിവപ്രസാദ്, ടി.ടി.ജിസ്മോൻ തുടങ്ങിയവർ പങ്കെടുത്തു. മുൻ മുഖ്യമന്ത്രി എ.കെ.ആന്റണി ഫോണിൽ വിളിച്ച് അഭിനന്ദിച്ചതായി പി.പ്രസാദ് പറഞ്ഞു. തന്റെ മണ്ഡലത്തിലെ എംഎൽഎ മന്ത്രി ആകുന്നതിൽ ആന്റണി സന്തോഷം അറിയിക്കുകയും പിന്തുണ ഉറപ്പു നൽകുകയും ചെയ്തു.