കോവിഡ് രോഗികളുടെ മരണം നിശ്ചയിക്കുന്നത് ഡോക്ടർമാരാകണം എന്ന നിർദേശത്തെ അംഗീകരിച്ച മുഖ്യമന്ത്രിയുടെ നിർദേശം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഐ സി എം ആർ, ലോകാരോഗ്യ സംഘടന എന്നിവരുടെ മാർഗനിർദ്ദേശം അനുസരിച്ചാകണം മരണങ്ങൾ നിശ്ചയിക്കേണ്ടത് എന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു.
''കോവിഡ് രോഗികൾ മരണപ്പെടുന്നത് സ്ഥിരീകരിക്കേണ്ടത് ചികിത്സിക്കുന്ന ഡോക്ടറാണെന്നും ഐ സി എം ആർ, ലോകാരോഗ്യ സംഘടന എന്നിവരുടെ മാർഗനിർദ്ദേശം അനുസരിച്ചു വേണം മരണങ്ങൾ നിശ്ചയിക്കാൻ എന്നുമാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ഇന്ന് ആ നിർദ്ദേശം സ്വീകരിച്ചു എന്നത് സ്വാഗതം ചെയ്യുന്നു'', വിഡി സതീശൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മരണ നിരക്ക് തീരുമാനിക്കാന്‍ കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ പഠനം വേണമെന്നും പ്രതിപക്ഷനേതാവ് നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയില്‍ ഉള്ള രോഗി നെഗറ്റീവ് ആയാലും പോസ്റ്റ് കോവിഡ് സമയത്ത് മരണമുണ്ടാകാമെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാം തരംഗം പ്രതിരോധിക്കുന്നതിലെ വീഴ്ച, ഉയരുന്ന മരണ നിരക്ക് എന്നിവ ചൂണ്ടിക്കാട്ടി ഡോ.എം.കെ.മുനീറാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്.