നിയമസഭാ തിരഞ്ഞെടുപ്പില്‍, ബൂത്തുകളില്‍ ജോലി ചെയ്ത വെബ്കാസ്റ്റിങ് ഓപ്പറേറ്റര്‍മാര്‍ക്ക് വേതനം ലഭിച്ചില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടെങ്കിലും വേതനത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് അധികൃതര്‍ ഒഴിഞ്ഞുമാറുകയാണ്. മുഴുവന്‍ പ്രശ്നബാധിത ബൂത്തുകളിലും 24 മണിക്കൂര്‍ ജോലി ചെയ്ത വെബ് കാസ്റ്റിങ് ഓപ്പറേറ്റര്‍മാര്‍ക്കാണ് ഈ ദുര്‍ഗതി. വിഡിയോ റിപ്പോർട്ട് കാണാം.
കോഴിക്കോട് ജില്ലയില്‍ മാത്രം 1836 വെബ് കാസ്റ്റിങ് ഓപ്പറേറ്റര്‍മാര്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കൂടുതല്‍ ട്രയല്‍ റണ്ണും അതാത് ബൂത്തുകളില്‍ പോയി റിഹേഴ്സലും നടത്തേണ്ടി വന്നു. എന്നിട്ടും ബൂത്തില്‍ ജോലിക്കെത്തിയ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും അന്ന് തന്നെ വേതനം നല്‍കിയപ്പോള്‍ വെബ് കാസ്റ്റിങ് ഓപ്പറേറ്റര്‍മാരെ അവഗണിച്ചുവെന്നാണ് പരാതി. ലാപ്ടോപ്പ്, വെബ് ക്യാമറ, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയെല്ലാം സ്വന്തം ചെലവില്‍ ദിവസങ്ങളോളം ഉപയോഗിച്ചിട്ടും പ്രതിഫലം ലഭിച്ചില്ല.
സാമ്പത്തിക പ്രയാസമുള്ള ഈ കോവിഡ് കാലത്ത് തുക അനുവദിച്ചില്ലെങ്കില്‍ പിന്നെപ്പോഴാണ് എന്നാണ് ഇവരുടെ ചോദ്യം. പ്രതിഫലം തരാനുള്ള നടപടിയിലേയ്ക്ക് ഇനിയും കടന്നിട്ടില്ലെങ്കില്‍ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങാനും ഇവര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ഓഫിസുകളെല്ലാം അടച്ചിട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കുന്നു.