സിനിമാ സംവിധായിക ആയിഷ സുൽത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി. ഫോണിൽ നേരിട്ട് ബന്ധപ്പെട്ടാണ് അദ്ദേഹം ഒപ്പമുണ്ടെന്നും ധൈര്യമായി ഇരിക്കണമെന്നും പറഞ്ഞത്. ഇതിന്റെ വിഡിയോ ഇപ്പോൾ പാർട്ടി പ്രവർത്തകർ ഫെയ്സ്ബുക്കിൽ പങ്കിടുകയാണ്. തന്നെ ലക്ഷദ്വീപിൽ െകാണ്ടുപോയി ലോക്ക് ചെയ്യാനാണ് അവർ ഉദ്ദേശിക്കുന്നത്. ഞാൻ അങ്ങോട്ട് പോയി കഴിഞ്ഞാൽ അവരെന്നെ പിന്നെ ഇങ്ങോട്ട് വിടില്ല. ഇവിടെ നിൽക്കാനാണ് എന്റെ ശ്രമം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് സംസാരിക്കൂവെന്ന് ശിവൻകുട്ടി നിർദേശിച്ചു. തിരുവനന്തപുരത്ത് വരുമ്പോൾ നേരിൽ കാണാം എന്ന് ഉറപ്പു പറഞ്ഞാണ് അദ്ദേഹം ഫോൺ വയ്ക്കുന്നത്.
കേന്ദ്രസർക്കാരിന്റെ നയങ്ങളെ അതിരൂക്ഷമായി അദ്ദേഹം വിമർശിക്കുകയും ചെയ്തു. ‘വിവരങ്ങളെല്ലാം നമ്മൾ അറിയുന്നുണ്ട്. വല്ലാത്തൊരു നടപടി ക്രമമാണ് ഇന്ത്യയിൽ നടന്നോണ്ട് ഇരിക്കുന്നത്. ജനാധിപത്യത്തെയും ഭരണഘടനയും കാശാപ്പ് ചെയ്യാൻ മടിക്കില്ല. അവർ ഉദ്ദേശിക്കുന്ന കാര്യം നടക്കണം. അതിന് എന്തും ചെയ്യും. പൗരത്വ നിയമം, കശ്മീർ വിഷയം, ലക്ഷദ്വീപ് എന്തിനേറെ കോവിഡിൽ പോലും പക്ഷപാതമാണ് ചെയ്യുന്നത്.’ കേന്ദ്രത്തെ കുറ്റപ്പെടുത്തി മന്ത്രി പറയുന്നു.
കേന്ദ്രസർക്കാർ ദ്വീപു ജനതയ്ക്ക് എതിരെ ‘ജൈവായുധം’ പ്രയോഗിച്ചു എന്ന പരാമർശത്തിന്റെ പേരിലാണ് സിനിമാ സംവിധായിക ആയിഷ സുൽത്താനയുടെ പേരിൽ രാജ്യദ്രോഹവുമായി ബന്ധപ്പെട്ടുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. ആയിഷയുടെ പരാമർശങ്ങളിലുള്ള അസംതൃപ്തി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും കേന്ദ്രത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ, കേന്ദ്രസർക്കാർ ദ്വീപു ജനതയ്ക്കെതിരെ ‘ജൈവായുധം’ പ്രയോഗിക്കുന്നു എന്ന പരാമർശം ആയിഷ നടത്തിയതിന് എതിരെയാണു പൊലീസ് കേസെടുത്തത്. ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി.അബ്ദുൽ ഖാദറാണു പരാതിക്കാരൻ. തനിക്കെതിരെ ചുമത്തിയിരിക്കുന്നതു കള്ളക്കേസാണെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ആയിഷ സുൽത്താനയും പറഞ്ഞു. ഇതിന് പിന്നാലെയാണ് കോൺഗ്രസ്– മുസ്ലിം ലീഗ്–സിപിഎം നേതാക്കൾ ആയിഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.