TAGS

കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തെ രാജ്യാന്തര തുറമുഖമാക്കാന്‍ തത്വത്തില്‍ തീരുമാനം. പദ്ധതി നടത്തിപ്പിന്‍റെ തുടര്‍ചര്‍ച്ചകള്‍ക്കായി മൂന്ന് മന്ത്രിമാര്‍ ചൊവ്വാഴ്ച്ച ബേപ്പൂരിലെത്തും. 

വിദേശത്ത് നിന്ന് നേരിട്ട് ബേപ്പൂരിലേയ്ക്ക് ചരക്കുകള്‍ അയയ്ക്കാന്‍ ഇനി അധികനാള്‍ കാത്തരിക്കേണ്ടി വരില്ല. നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മന്ത്രിമാരായ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍ കോവില്‍, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ ചൊവ്വാഴ്ച്ച കോഴിക്കോടെത്തി തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. പദ്ധതി നടത്തിപ്പിന്‍റെ കാര്യത്തില്‍ ഈ യോഗത്തിലാകും അന്തിമ ധാരണയാവുക. 

വിദേശത്ത് നിന്നെത്തുന്ന വലിയ കപ്പലിലെ ചരക്കുകള്‍ കൊച്ചിയില്‍ നിന്ന് ചെറിയ കപ്പലിലേയ്ക്ക് മാറ്റിയാകും ബേപ്പൂരിലെത്തിക്കുക. ഇതിനായി വിദേശത്തെ ഏതു തുറമുഖത്ത് നിന്നും ബേപ്പൂരിലേയ്ക്ക് ബുക്ക് ചെയ്യാനാകും. ഇതിനായി കപ്പല്‍ ചാലിന്‍റെ ആഴം കുട്ടേണ്ടതുണ്ട്. ഒപ്പം മറ്റടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കണം. ഈമാസം അവസാനം കണ്ടെയ്നര്‍ ചരക്കുകപ്പല്‍ എത്തിയശേഷമാകും കുറവുകള്‍ പഠിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുക.