തലസ്ഥാനത്തെ കുടുംബശ്രീ ന്യായവില ഹോട്ടലിന്‍റെ അടുക്കള തകര്‍ന്നു വീണു. ഓവര്‍ബ്രിഡ്ജിലെ നഗരസഭകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അനന്തപുരി കഫേയുടെ അടുക്കളയാണ് തകര്‍ന്നു വീണത്. ഇന്നു നഗരസഭയില്‍ നിന്നെത്തിച്ച ഭക്ഷണപ്പൊതികളാണ്  20 രൂപയ്ക്ക് കഫേ വഴി വിതരണം ചെയ്തത്.  

അനന്തപുരി കഫേയിലെ അടുക്കളയുടെ ശോചനീയവസ്ഥ ഏറെ നാളുകള്‍ക്കു മുമ്പേ നഗസരഭയെ അറിയിച്ചതാണ്. അനന്തപുരി കഫേയുടെ സമീപത്തുള്ള സ്വകാര്യ സ്ഥാപനത്തിന്‍റെ ജനറേറ്റര്‍ പ്രവര്‍ത്തിച്ചപ്പോഴുള്ള കുലുക്കവും ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് കാരണമായി.  20 രൂപാ നിരക്കില്‍ ദിവസേന 1200 മുതല്‍ 1500 വരെയുള്ള പൊതിച്ചോറുകളാണ് ഇവിടെ നിന്നും വിറ്റു പോയത്. ഇന്നും നിരവധി പേര്‍ ഊണിനായി ഇവിടെയെത്തി. അവരോടെല്ലാം കാര്യം പറഞ്ഞാണ് ഊണ് കൈമാറിയത്.

ഇരു പതു വര്‍ഷം പഴക്കമുള്ളതാണ് അനന്തപുരി കഫേ പ്രവര്‍ത്തിക്കുന്ന ഈ നഗരസഭാ കെട്ടിടം. വിലക്കുറവു മാത്രമല്ല, രുചി കൂടിയാണ് ഊണ് തേടി ഇവിടേയ്ക്ക് ആളുകളെ എത്തിക്കുന്നത്. എത്രയും വേഗം നിര്‍മാണം നടത്തി അനന്തപുരി കഫേ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം