josephine-resignation

കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ എന്ന യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച സംഭവം ഉണ്ടാക്കിയ ഞെട്ടലിലാണ് കേരളം. വലിയ പ്രതികരണങ്ങളാണ് ഈ വിഷയത്തില്‍ പൊതുസമൂഹം നടത്തിയത്. സ്ത്രീധനം എന്ന ദുരാചാരവും വിവാഹത്തിന്‍റെ കച്ചവട സ്വഭാവവും വീണ്ടും കേരളം ചര്‍ച്ച ചെയ്തു തുടങ്ങി. വീട്ടകങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് നിയമ ബോധവത്കരണവും പിന്തുണയും നല്‍കാന്‍ മനോരമ ന്യൂസ് തല്‍സമയ ഫോണിന്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചു. ദിവ്യ ഗോപിനാഥ് ഐപിഎസായിരുന്നു ചോദ്യങ്ങള്‍ക്ക് മറുപടികള്‍ നല്‍കാന്‍ ആദ്യം ഫോണിന്‍ പ്രോഗ്രാമിലെത്തിയത്. പിന്നാലെ ബുധനാഴ്ച വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പരാതികള്‍ കേള്‍ക്കാനും സംശയങ്ങള്‍ക്ക് മറുപടി നല്‍കാനുമെത്തി. നിരവധി പ്രേക്ഷകര്‍, പ്രത്യേകിച്ചും പലതരം പീഡനങ്ങള്‍ക്ക് വിധേയരായ സ്ത്രീകള്‍ നിരന്തരമായി വിളിച്ചുകൊണ്ടേയിരുന്നു.

പലര്‍ക്കം പറയാനുണ്ടായിരുന്നത് കാലങ്ങളായി അനുഭവിക്കുന്ന പീഡനങ്ങളെപ്പറ്റിത്തന്നെ. ഇത്തരത്തില്‍ വിളിച്ചവരോട് വനിതാ കമ്മിഷന്‍ അധ്യക്ഷ പെരുമാറിയ രീതിയാണ് പിന്നീട് വിവാദമായത്. വനിതാ കമ്മിഷന്‍ അധ്യക്ഷയോട് തല്‍സമയം പരീതി പറയാന്‍ കിട്ടിയ അവസരം പാഴാക്കാതെയാണ് വിവിധ തരത്തില്‍ അടിച്ചമര്‍ത്തലുകളും പീഡനങ്ങളും അനുഭവിക്കുന്ന സ്ത്രീകള്‍ വിളിച്ചത്. പലരോടും ദേഷ്യത്തിലായിരുന്നു അധ്യക്ഷയുടെ സംസാരം. ചിലരെ വഴക്കു പറഞ്ഞു. അത്തരത്തിലുള്ള ഒരു പറച്ചിലാണ് ജോസഫൈന്‍റെ അധ്യക്ഷ സ്ഥാനം തെറിപ്പിച്ചത്. പരാതിക്കാരിയോട് മോശമായി സംസാരിച്ചുവെന്നത് വലിയ വിമര്‍ശനങ്ങളും പ്രതിഷേധവും വിളിച്ചുവരുത്തി. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ജോസഫൈനെതിരെ എതിര്‍പ്പുയര്‍ന്നു. വളരെവേഗം തന്നെ പ്രതിഷേധങ്ങള്‍ തെരുവിലേക്ക് പടര്‍ന്നു

എന്നാല്‍ ഇതേസമയം തന്നെ കൊല്ലപ്പെട്ട വിസ്മയയുടെ വീട്ടില്‍ വനിതാ കമ്മിഷന്‍ എത്തി. കുടുംബത്തിന് പിന്തുണ നല്‍കിയ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈനും അംഗം എംഎസ് താരയും മാധ്യമങ്ങളെ കണ്ടു. മനോരമ ന്യൂസ് ഫോണില്‍ പരിപാടിയില്‍ പരാതിക്കാരിയോട് മോശമായി പെരുമാറിയ വിഷയം മാധ്യമപ്രവര്‍ത്തകര്‍ അധ്യക്ഷയോട് ചോദിച്ചു. എന്നാല്‍ ഈ വിശദീകരണം പ്രതിഷേധങ്ങളെ തണുപ്പിക്കാന്‍ പോന്നതായിരുന്നില്ല. അധ്യക്ഷയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കി

ഇത് ആദ്യമായല്ല എംസി ജോസഫൈന്‍ വിവാദത്തിലകപ്പെടുന്നത്. വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം ഏറ്റതിനുപിന്നാലെ ജോസഫൈന്‍ നടത്തിയ പല പരാമര്‍ശങ്ങളും  പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കിയിരുന്നു. 2017 മേയ് ഇരുപത്തിയേഴിനാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ വൈപ്പിന്‍ സ്വദേശിനി എംസി ജോസഫൈന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. നാലുവര്‍ഷം കൊണ്ട് നിരവധി വിവാദ പരാമര്‍ശങ്ങള്‍. ഷൊര്‍ണൂര്‍ എംഎല്‍എയായിരുന്ന പികെ ശശിക്കെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ പരാതിയുടെ സമയത്തായിരുന്നു ആദ്യ വിവാദം. ശശിക്കെതിരെ നടപടിയെടുക്കില്ലെന്ന വനിതാകമ്മിഷന്‍ അധ്യക്ഷയുടെ പരാമര്‍ശം വലിയ ഒച്ചപ്പാടുണ്ടാക്കി. 

മനുഷ്യരല്ലേ പലതെറ്റുകളും പറ്റും എന്ന് ഒരു പീഡനപരാതിയിലെ പ്രതിക്കുവേണ്ടി വനിതാകമ്മിഷന്‍ അധ്യക്ഷ പറഞ്ഞത് വന്‍ കോലാഹലമുണ്ടാക്കി. പ്രശനങ്ങളെ തണുപ്പിക്കാന്‍ ജോസഫൈന്‍തന്നെ വിശദീകരണവുമായെത്തി. എന്നാല്‍ ആ വിശദീകരണം അതിലും വലിയ വിവാദമായി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു കോടതിയും പൊലീസ് സ്റ്റഷനുമാണെന്നായിരുന്നു ആ പറച്ചില്‍

തന്റെ പാർട്ടി ഒരേ സമയം പൊലീസ് സ്റ്റേഷനും കോടതിയും ആണെന്നു പറഞ്ഞ സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈന് പദവിയിൽ തുടരാൻ അർഹതയില്ലെന്ന് ആരോപിച്ച് അന്നത്തെ മഹിളാ കോൺഗ്രസ് നേതാവ് ലതിക സുഭാഷ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പരാതികൊടുക്കാന്‍ വിളിച്ചവരോട് മോശമായി പെരുമാറിയ സംഭവങ്ങള്‍ ഇനിയുമുണ്ട്. അയല്‍വാസി വീട്ടില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ നീതിതേടി വിളിച്ച എണ്‍പത്തിയൊമ്പതുകാരിക്കും കുടുംബത്തിനും അധ്യക്ഷയില്‍ നിന്ന് കേള്‍ക്കേണ്ടിവന്നത് വലിയ അധിക്ഷേപം. പരാതിക്കാരിയോട് അദാലത്തിനെത്താന്‍ ജോസഫൈന്‍ നിര്‍ദേശിച്ചു. പ്രായമായ ആളാണെന്നും യാത്ര ചെയ്യാനാകില്ലെന്നും പറഞ്ഞപ്പോള്‍ എണ്‍പത്തിയൊമ്പതുകാരിയായ തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാന്‍ ആരുപറഞ്ഞുവെന്നായിരുന്നു മറുപടി. 2021 ജനുവരിയിലായിരുന്നു ഈ സംഭവം. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു വേളയില്‍ യുഡിഎഫിന്‍റെ ആലത്തൂരിലെ സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാധവന്‍ മോശം പരാമര്‍ശം നടത്തിയിരുന്നു. അതില്‍ വനിതാ കമ്മിഷന്‍ നടപടിയെടുക്കുമോ എന്നായി മാധ്യമങ്ങളുടെ ചോദ്യം. വിജയരാഘവനെ ശക്തമായി വിമര്‍ശിച്ചത് താനാണെന്നും അതുതന്നെ വലിയ ശിക്ഷയാണ് എന്നും പ്രതികരണം. മുന്‍പേ ഇത്തരത്തില്‍ വിവിധ പരാമര്‍ശങ്ങള്‍ നടത്തിയ ചരിത്രമുള്ളതിനാലാണ് ഇക്കുറി ഫോണിന്‍പരിപാടിയിലെ പെരുമാറ്റം വിവാദമായതും.  സ്ത്രീധന നിരോധന നിയമം നിലവിലുള്ള നാട്ടില്‍ വനിതാ കമ്മിഷന്‍റെ നിലപാട് ഇതാണ്. വനിതാ കമ്മിഷന്‍ അധ്യക്ഷ എന്ന നിലയിലുള്ള ജോസഫൈന്‍റെ പ്രവര്‍ത്തനങ്ങളോടുള്ള എതിര്‍പ്പുകളെല്ലാം കൂട്ടമായി പുറത്തുവന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്നുപോലും ജോസഫൈന് പിന്തുണ കിട്ടിയില്ല

മനോരമ ന്യൂസ് ഫോണിന്‍ പരിപാടിയില്‍ പരാതിക്കാരിയോട് മോശമായി പെരുമാറിയില്ല എന്ന് പരസ്യ നിലപാടെടുത്ത ജോസഫൈന്‍ വൈകിട്ടോടെ നിലപാട് മാറ്റി. ഖേദംപ്രകടിപ്പിച്ചുകൊണ്ട് അധ്യക്ഷ വൈകിട്ട് വാര്‍ത്താ കുറിപ്പിറക്കി. പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം ആണ് യുവതിയോട് പ്രകടിപ്പിച്ചതെന്നായിരുന്നു വിശദീകരണം. എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍  അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ് യുവതിയോട് സംസാരിച്ചതെന്നും ജോസഫൈന്‍ പറഞ്ഞു. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമായിരുന്നു ആ ഖേദപ്രകടനമെന്നുതന്നെ വായിച്ചെടുക്കണം. എന്നാല്‍ ഈ പറച്ചില്‍ കൊണ്ടും പ്രതിഷേധം അടങ്ങിയില്ല.  വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈനെ കോണ്‍ഗ്രസ് പ്രവ‍ര്‍ത്തകര്‍ വഴിതടയുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പ്രഖ്യാപിച്ചു. ജോസഫൈനെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു . ജോസഫൈന്‍ എന്ന വിപത്തിനെ ജനങ്ങള്‍ക്ക് മേല്‍ കെട്ടിവച്ചതിന് സ‌ര്‍ക്കാര്‍ മാപ്പുപറയണമെന്ന് പറഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ ആയുധാമായി ഇതിനെ മാറ്റി.  വനിതാ കമ്മിഷന്‍ അധ്യക്ഷ പരിഗണിച്ച എല്ലാ കേസുകളും പുനഃന്വേഷിക്കണമെന്നും ഒരു പടികൂടി കടന്ന് കെ.സുധാകരന്‍ ആവശ്യപ്പെട്ടു. ജോസഫൈന്‍റെ ഖേദപ്രകടനത്തെ കോണ്‍ഗ്രസ് പരസ്യമായി പുച്ഛിച്ചു

സ്ത്രീകളോട് മര്യാദയായി പെരുമാറാന്‍ അറിയാത്ത ജോസഫൈന്‍ അധ്യക്ഷസ്ഥാനത്തിരിക്കാന്‍ യോഗ്യയല്ലെന്ന് സിപിഐയുടെ വിദ്യാര്‍ഥിസംഘടന എഐഎസ്എഫ്  നിലപാടെടുത്തു. പാര്‍ട്ടിക്കും മുന്നണിക്കും അകത്തുനിന്ന് എതിര്‍പ്പ് ശക്തമായതോടെ വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. തുടര്‍ന്ന് ഇന്നു ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്തു.

ജോസഫൈന്‍ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു. അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകാന്‍ എട്ടുമാസം ബാക്കി നില്‍ക്കെയാണ് പടിയിറക്കം. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സ്ഥാനം നഷ്ടപ്പെടുന്ന ആദ്യ വ്യക്തിയായി മാറി ജോസഫൈന്‍. വനം മുറി വിവാദത്തിന്‍റെ ക്ഷീണത്തില്‍ നില്‍ക്കുകയാണ് സര്‍ക്കാര്‍. ആ സമയത്താണ് പ്രതിപക്ഷത്തിന് അടക്കാനുള്ള മറ്റൊരു വടികൂടി കിട്ടിയത്. ജോസഫൈന്‍റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്ന സാഹചര്യ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ജോസഫൈന്‍റെ ശൈലികളോടുള്ള എതിര്‍പ്പും അവരുടെ പടിയിറക്കത്തിന് ആക്കം കൂട്ടി. 

ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെ അവസാന അത്താണിയാണ് വനിതാ കമ്മിഷനെന്ന് സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം പികെ ശ്രീമതി പ്രതികരിച്ചു. യോഗത്തില്‍   എം.സി.ജോസഫൈന്‍ തെറ്റ് ഏറ്റുപറഞ്ഞതായും പി.കെ.ശ്രീമതിയുടെ സ്ഥിരീകരണം. പുതിയ വനിതാ കമ്മിഷന്‍ അധ്യക്ഷയെ പിന്നീട് തീരുമാനിക്കും. പാര്‍ട്ടി നിയന്ത്രണത്തില്‍ ഉള്ളവരെ  വനിതാ കമ്മിഷന് ‍അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവും പൊതു സമൂഹത്തില്‍ നിന്ന് ഉയരുന്നുണ്ട്. എന്തായാലും രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്തുണ്ടായ ഒരു വിവാദത്തിന് രണ്ടുദിനത്തില്‍ തീര്‍പ്പായിരിക്കുന്നു. വനിതാ കമ്മിഷന്‍ അധ്യക്ഷക്കെതിരെ വനിതാ കമ്മിഷന് തന്നെ പരാതിലഭിച്ചു തുടങ്ങിയ സാഹചര്യത്തില്‍ അനിവാര്യമായ രാജി പാര്‍ട്ടി ചോദിച്ചുവാങ്ങി.