ചരിത്രത്തിലാദ്യമായി ബേപ്പൂർ തുറമുഖത്തു നിന്ന് വിദേശ രാജ്യത്തേക്കുള്ള ചരക്ക് കയറ്റുമതിക്ക് ഇന്ന് തുടക്കമാകും. കൊച്ചി-ബേപ്പൂർ - അഴീക്കൽ തുറമുഖക്കളെ ബന്ധിപ്പിച്ചു കൊണ്ടാണ് ചരക്ക് കപ്പൽ സർവീസ്. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ രാവിലെ ഒമ്പതിന് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും

ബേപ്പൂർ തുറമുഖ വികസനത്തിന് വലിയൊരു നാഴികകല്ലാണ് വിദേശ രാജ്യത്തേക്ക് നേരിട്ടുള്ള ചരക്ക് കയറ്റുമതി.നേരത്തെ കൊച്ചിയിലോ ചെന്നൈയിലോ എത്തിച്ച്  കസ്റ്റംസ് ക്ലിയറൻസ് ലഭിച്ചതിന് ശേഷമായിരുന്നു ചരക്ക് കയറ്റി അയച്ചിരുന്നത്. എന്നാൽ ബേപ്പൂർ തുറമുഖത്തു നിന്ന് നേരിട്ട് കസ്റ്റംസ് ക്ലിയറൻസ്  ലഭിച്ച സാഹചര്യത്തിലാണ്  പുതിയ നടപടി.ഇന്നലെ തുറമുഖത്ത് എത്തിച്ച എം.വി ഹോപ് സെവൻ എന്ന കപ്പലാണ് സർവീസ് നടത്തുക. ഇന്ന് അഴീക്കൽ തുറമുഖത്തേക്കും അവിടെ നിന്ന് കൊച്ചി തുറമുഖത്തും എത്തുന്ന കപ്പൽ നേരെ യു.എ.ഇ ,സൗദി അറേബ്യ എന്നിവിടങ്ങളിലേക്കാണ് പോകുക. ഇന്നലെ കൊച്ചിയിൽ നിന്നും  തുറമുഖത്ത് എത്തിച്ച ഈ കപ്പലിൽ 42 കണ്ടെയ്നറുകളാണ് ഉള്ളത്. ഇതിൽ 40 എണ്ണം ബേപ്പൂർ തുറമുഖത്തിറക്കിയിരുന്നു.  രണ്ടര വർഷത്തിന് ശേഷമാണ്   കണ്ടെയിനർ കപ്പൽ സർവീസ് ബേപ്പൂരിൽ നിന്ന് പുനരാരംഭിച്ചത്.ഇതോടെ കോവിഡ് പ്രതിസന്ധിയിൽ നിശ്ചലമായ തുറമുഖം സജീവമായി