ചെറുപ്പകാലത്ത് അറിയപ്പെടുന്ന ഒരു മണ്ടനായിരുന്നു താനെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നേരേചൊവ്വേ അഭിമുഖത്തില്‍ ഞാന്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ ആ ബഹുമതിയെക്കുറിച്ച് അദ്ദേഹം ബഹുമാനപൂര്‍വമാണ് സംസാരിച്ചത്. സിനിമകളിലൂടെ രാജ്യാന്തരമേളകളില്‍ ഉന്നതമാര്‍ക്ക് നേടിയ അടൂരിന് സ്കൂളില്‍ പൂജ്യം മാര്‍ക്കുപോലും കിട്ടിയിട്ടുണ്ട്.  അമ്പതില്‍ അഞ്ച്, ഏഴ്, എട്ട് എന്നൊക്കെയുള്ള മാര്‍ക്ക് സാധാരണമായിരുന്നു. നേരേ അനുജനാണെങ്കില്‍ നൂറില്‍ നൂറ് മാര്‍ക്കും വാങ്ങും. അപ്പോള്‍ പിന്നെ അടൂരിനെ വീട്ടുകാര്‍ മണ്ടനെന്നല്ലാതെ എന്താണു വിളിക്കുക? അടൂര്‍ ഗോപാലകൃഷ്ണനു മലയാളി ചാര്‍ത്തിക്കൊടുത്ത മേല്‍വിലാസങ്ങളില്‍ മണ്ടന്‍ ഇല്ലെങ്കിലും 'തണ്ടന്‍' എന്നു ചിലര്‍ക്കു തോന്നിയിരിക്കാം. ഗൗരവമുള്ള സിനിമകളെടുത്തു എന്നുവച്ച് അടൂര്‍ അനാവശ്യ ഗൗരവക്കാരനാവുന്നുണ്ടോ? എണ്‍പതിലെത്തുന്ന ഈ ചലച്ചിത്രകാരന്‍റെ ജീവിതവും സിനിമപോലെ ഗൗരവമുള്ളതാണെന്നത് മുന്‍വിധിയാണ്. അടൂര്‍ പരമരസികനാണ് എന്നതാണ് എന്‍റെ അനുഭവം, മറ്റു പലരുടെയും. വിഡിയോ കാണാം. 

ഫിലിം  ഇന്‍സ്റ്റിറ്റ്യൂട്ടിലെ  പഠനമൊക്കെ  കഴിഞ്ഞ്   ഒരു  സിനിമ  എടുക്കണമെന്ന  ഉല്‍ക്കടമായ  ആഗ്രഹത്തോടെ   പുറത്തുവന്ന അടൂര്‍   അന്നത്തെ  പ്രമുഖ  നിര്‍മ്മാതാവ്  ടി.ഇ.വാസുദേവനെ   പരിചയപ്പെട്ടു.     ഒരു  ദിവസം  അദ്ദേഹത്തോട്   സിനിമ  ചെയ്യാനുള്ള  ആഗ്രഹം  പ്രകടിപ്പിച്ചു.  പത്തു   കമേഴ്സ്യല്‍  സിനിമ  ചെയ്യുമ്പോള്‍   ഒരു നല്ല  സിനിമ  എടുത്തുകൂടേ  എന്ന്  അടൂരിന്‍റെ ചോദ്യം. 'ഗോപാലകൃഷ്ണാ  നമുക്ക്  പത്തു  മക്കള്‍  ഉണ്ടെന്നു  കരുതുക.  അതില്‍  ഒമ്പതു  പേരെ  നേരേ  ചൊവ്വേ  വളര്‍ത്തി,  പത്താമന്‍  പിഴച്ചു  പൊയ്ക്കോട്ടെ  എന്ന്  ആരെങ്കിലും  കരുതുമോ?' – വാസുദേവന്‍റെ മറുചോദ്യത്തില്‍ അടൂരിന് ജീവിതത്തിന്‍റെ തിരക്കഥ തെളിഞ്ഞു.  തനിക്കു താനും പുരയ്ക്കു തൂണും.

പിന്നീട്, സ്വന്തം ചിത്രങ്ങളില്‍ അടൂര്‍ തന്നെത്തന്നെ നിക്ഷേപിച്ചു. അടൂര്‍ മണ്ടനായിരുന്നില്ല. ബുദ്ധി വേറെ വഴിക്കായിരുന്നു എന്നേയുള്ളൂ.  കൊമേഴ്സ്യല്‍സിനിമ അരങ്ങുവാണകാലത്ത് വേറെ വഴിക്കുപോയ ഈ ബുദ്ധിമാന്‍ ഉണ്ടാക്കിയതാണ് മലയാള സിനിമയുടെ രാജ്യാന്തരവിലാസം.  ഇന്ത്യന്‍ ചലച്ചിത്രലോകത്തെ പരമോന്നത ബഹുമതിയായ ഫാല്‍ക്കെ പുരസ്ക്കാരം കേരളത്തിലെത്തിച്ചു ഈ പ്രതിഭ. 

 

തന്നെത്തന്നെ നോക്കി ചിരിക്കാന്‍ ഒരു മടിയുമില്ലാത്തയാളാണ് അടൂര്‍.  പക്ഷേ നിലപാടുകളുണ്ട്. വിവാദങ്ങള്‍ അദ്ദേഹം സ്വയം വരിക്കാറില്ല. എന്നാല്‍ വിവാദം കൊടിയേറിയാല്‍ കഥാപുരുഷന്‍ ഓടിയൊളിക്കുകയുമില്ല. തന്റെ സിനിമകളെ അനാവശ്യമായി വിമര്‍ശിക്കുന്നവരുമായി അടൂര്‍ മുഖാമുഖം വന്നാല്‍ അനന്തരം എന്തു സംഭവിക്കും എന്നു പറഞ്ഞുകൂടാ. 

ജീവിതത്തിന്‍റെ വൈരുദ്ധ്യങ്ങള്‍ അടൂരിന്‍റെ നര്‍മ്മത്തിന്‍റെ മര്‍മമായി, സംസാരത്തിലും സിനിമയിലും. ഇതാ ചില രംഗങ്ങള്‍.

ദിലീപും കാവ്യയും അഭിനയിച്ച 'പിന്നെയും' എന്ന സിനിമ റിലീസായ കാലത്ത് വിമാനത്താവളത്തില്‍വച്ച് ഒരു അമ്മയും മകളും അടൂരിനെ പരിചയപ്പെടുന്നു.  സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന് അമ്മ പരിചയപ്പെടുത്തിയിട്ടൊന്നും മകള്‍ക്കു മനസ്സിലാവുന്നില്ല.  'പിന്നെയും' എന്ന സിനിമയെപ്പറ്റിയും കേട്ടിട്ടില്ലാത്ത മകള്‍ പക്ഷേ അടൂരിനോട് ഒറ്റചോദ്യം ചോദിച്ചു – ദിലീപിനെവച്ചു സിനിമ എടുത്തിട്ടുണ്ടോ?  ഈയിടെ ദിലീപിനെവച്ച് ഒരു സിനിമ എടുത്തു എന്നു പറഞ്ഞതുകൊണ്ടുമാത്രം അവള്‍ക്ക് എന്നോട് ബഹുമാനമായി എന്ന് അടൂര്‍. 

എന്‍റെയൊരു സുഹൃത്തിന്‍റെ സുഹൃത്ത് അടൂര്‍ ഗോപാലകൃഷ്ണന്‍റെ വലിയ ഫാനായിരുന്നു.  ഈ സുഹൃത്തുക്കള്‍ ഒരു ദിവസം ഒരു ഹോട്ടലിന്‍റെ ബാറില്‍ അടൂര്‍ ഗോപാലകൃഷ്ണനെ കണ്ടുമുട്ടി.  ഫാനായ സുഹൃത്ത് അടൂര്‍ സിനിമകള്‍ അരച്ചുകലക്കി കുടിച്ചിട്ടുള്ള ആളാണ്.  എന്നാലും ചങ്കിടിച്ചു.  ധൈര്യം സംഭരിച്ച് ഒടുവില്‍ അദ്ദേഹത്തിന്‍റെ അടുത്തുചെന്ന് പരിചയപ്പെട്ടു.  അദ്ദേഹം സ്വീകരിച്ച് ഇരുത്തി.  സംഭാഷണം തുടങ്ങിയപ്പോള്‍ സുഹൃത്ത് പറഞ്ഞു - 'സാറിന്‍റെ മറ്റെല്ലാ സിനിമകളെക്കാളും എനിക്ക് ഇഷ്ടപ്പെട്ടത് 'വാസ്തുഹാര'യാണ്'.  ഒരുപാട് സമയമെടുത്ത് രണ്ട് സിപ്പ് കഴിച്ചിരുന്ന കഥാപുരുഷന്‍ ബാക്കി മുഴുവന്‍ ഒറ്റ വലിക്കു കുടിച്ച് അവിടെനിന്ന് എഴുന്നേറ്റു പോയി.  അരവിന്ദന്റെ 'വാസ്തുഹാര'യെ അടൂരിന്‍റെ സിനിമയാക്കിയ കഥാപുരുഷന് അതുകൊണ്ടുമാത്രം അനന്തരം ഒന്നും സംഭവിച്ചില്ല. 

ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും നേരെയുള്ള ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കും ജയ്ശ്രീറാം വിളിക്കുമെതിരെ പ്രമുഖര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനോട് ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണന്‍ രണ്ടാം ചന്ദ്രയാന്‍ ദൗത്യക്കാലത്ത് സന്ദര്‍ഭോചിതമായി നിര്‍ദേശിച്ചു – 'അടൂര്‍ ശ്രീഹരിക്കോട്ടയില്‍ പേരു റജിസ്റ്റര്‍ ചെയ്തു ചന്ദ്രനിലേക്കു പോകട്ടെ'.   

'ടിക്കറ്റെടുത്തു തന്നാല്‍ പോയേക്കാം' – അടൂരും അവസരത്തിനൊത്ത് ഉയര്‍ന്നു.

കാട്ടിക്കൂട്ടുകാരെ ആട്ടിപ്പായിക്കുന്നതാണ് അടൂരിന്‍റെ രീതി. ചെറിയ കാര്യങ്ങളില്‍ വലിയ ശ്രദ്ധയാണ്.  അനുഭവസ്ഥര്‍ക്ക് അതു കോമഡിയായി തോന്നാമെങ്കിലും, അടൂരിലെ പരിപൂര്‍ണതാവാദിക്ക് അത് അനിവാര്യമാണ്. ചില ഉദാഹരണങ്ങള്‍.

വീടിന്‍റെ മതിലുകെട്ടാന്‍ വരുന്നവരെയും പറമ്പില്‍ കിളയ്ക്കാന്‍ വരുന്നവരെയും അടൂര്‍ സൂക്ഷ്മമായി വീക്ഷിക്കുന്നതിനെക്കുറിച്ച് കഥകള്‍ പലതുണ്ട്.  ഒരു ദിവസം വീടിന്‍റെ മതില്‍ മുക്കാല്‍ഭാഗത്തോളം കെട്ടിക്കഴിഞ്ഞത് അടൂര്‍ പരിശോധിക്കുമ്പോള്‍ അത് ഒരേ പോലെയല്ല എന്നു സംശയം.  മേസ്തിരിയെ വിളിച്ച് അദ്ദേഹം നൂലു പിടിച്ചുനോക്കി.  സംശയിച്ചതുപോലെ മതില്‍ ചെരിഞ്ഞാണ് നില്‍പ്പ്.  വളരെ നിഷ്കളങ്കനായി മേസ്തിരി അടൂരിനോടു പറഞ്ഞു – 'ഇത്ര കൃത്യമായി വേണമെന്ന് ഞാന്‍ വിചാരിച്ചില്ല.'  അനന്തരം ആ മേസ്തിരിയെ അടൂര്‍ എന്തു ചെയ്തു എന്നത് രേഖയില്‍ ഇല്ല.

മതിലുകള്‍ സിനിമ ചിത്രീകരിക്കുമ്പോള്‍ നിര്‍മ്മാതാവിന്‍റെ റോളും അടൂരിനായിരുന്നു.  യൂണിറ്റിലെ അംഗങ്ങള്‍ ഊണു കഴിക്കുന്നതിനിടെ ഒരു ദിവസം അടൂരിന്‍റെ പരിശോധന ഉണ്ടായി.  മുരിങ്ങക്കായുടെ ചെറിയ കഷണങ്ങള്‍ അവിയലില്‍ കണ്ട അദ്ദേഹം പാചകക്കാരനെ വിളിച്ചുവരുത്തിയിട്ടു പറഞ്ഞു ''മുരിങ്ങക്കായ കുറച്ചുകൂടെ നീളത്തില്‍ മുറിക്കണം എന്നാലെ അത് കാര്‍ന്നു തിന്നാന്‍ കഴിയൂ.''

വൈകിട്ട് അഞ്ചുമണിവരെ പൂജപ്പുര ജയിലിലായിരുന്നു 'മതിലു'കളുടെ  ഷൂട്ടിങ്ങ്.  അതു കഴിഞ്ഞ് ചിത്രാഞ്ജലിയിലെ സെറ്റില്‍.  പൂജപ്പുര സെന്‍ട്രല്‍ ജയിലിന്‍റെ അതേ രൂപത്തില്‍ മൂന്നു സെല്ലുകള്‍ ചിത്രാഞ്ജലിയില്‍ ഉണ്ടാക്കിയിരുന്നു.  ആര്‍ട്ട് ഡയറക്ടര്‍ ശിവന്‍ നിര്‍മ്മിച്ച ആ സെല്ലില്‍ കയറിനിന്നാല്‍ അതു പൂജപ്പുര ജയിലല്ല എന്ന് ആര്‍ക്കും വിശ്വസിക്കാനാവില്ലായിരുന്നു.  സെല്ലിലെ മതിലും പായലും വരെ അതുപോലെ ഉണ്ടായിരുന്നു.

ജയില്‍ സെല്ലിന്‍റെ പുറത്ത് ചെടികള്‍ വച്ചുപിടിപ്പിച്ചിരുന്നു.  ഒരു ഷോട്ടിന് ഷാഡോ കൊടുക്കാന്‍ ഒരു ചെടിയുടെ ചെറിയ ചില്ല പറിക്കൂ എന്ന് ക്യാമറാമാന്‍ മങ്കട രവിവര്‍മ്മ പറഞ്ഞതനുസരിച്ച് ക്യാമറാ ടീമില്‍ ഉണ്ടായിരുന്ന ശശിധരന്‍ ഒരു ചില്ല പറിച്ചെടുത്തു.  ശശിയുടെ കയ്യില്‍ ചില്ല കണ്ട അടൂര്‍ അത് എന്താണെന്നു തിരക്കി.  അവിടത്തെ ചെടിയില്‍ നിന്ന് ഒടിച്ചതാണെന്നു മനസ്സിലായപാടെ എല്ലാവരുടെയും മുമ്പില്‍വച്ച് ശശിക്ക് അരമണിക്കൂര്‍ സ്റ്റഡി ക്ലാസ് കൊടുത്തു. ഒരു സിനിമയുടെ ഭാഗമായ നിങ്ങള്‍ക്ക് എങ്ങനെ ഒരു െസറ്റിന്‍റെ ഭാഗമായ ചെടിയില്‍നിന്ന് ചില്ല ഒടിക്കാന്‍ മനസ്സുവന്നു എന്നായിരുന്നു ശശി നേരിട്ട ചോദ്യം. മേസ്തിരി പറഞ്ഞതുപോലെ എല്ലാ കൊച്ചുചില്ലകളും ഇത്ര കൃത്യമായി അവിടെ ഉണ്ടാവണമെന്നു വിചാരിച്ചില്ല എന്നു ശശി പറഞ്ഞിരുന്നെങ്കില്‍ വിചാരിക്കാത്ത പലതും അവിടെ നടന്നേനെ.

വിധേയനില്‍ മമ്മൂട്ടി  ചോറ് കഴിക്കുന്ന രംഗമുണ്ട്.  ക്ലോസ് ഷോട്ട്.  അരി അല്‍പം വേവ് കുറഞ്ഞിരുന്നു.  വേവിച്ച ചോറ് കൊണ്ടുവന്നിട്ടേ അടൂര്‍ ഷൂട്ട് ചെയ്തുള്ളൂ.  വെന്ത ചോറിന് പകരം വേവ് കുറഞ്ഞ ചോറ് എന്നത് അടൂരിന് സ്വീകാര്യമല്ലായിരുന്നു.

ഇതുപോലെ നിഴല്‍ക്കുത്തില്‍ ദോശ ചുടുന്ന രംഗമുണ്ട്.  മാവ് പുളിച്ചില്ല എന്നു പറഞ്ഞ് അടൂര്‍ പ്രശ്നമുണ്ടാക്കി.  ശരിക്കും പുളിച്ച മാവ് കണ്ടാല്‍ അറിയാം.  ചെറിയ കുമിളകള്‍ പോലെ പൊങ്ങും അത്.  പുളിച്ച മാവ് കൊണ്ടുവന്നിട്ടേ അന്നു ഷൂട്ടിങ്ങ് തുടര്‍ന്നുള്ളൂ.  വിധേയനില്‍ കന്നഡ ഡയലോഗ് പറയാന്‍ വിഷമിച്ച നടന്‍ അസീസ് 'സര്‍ ഞാന്‍ എബിസിഡി എന്നൊക്കെ പറഞ്ഞോളാം.  പിന്നീട് ഡബ്ബ് ചെയ്യുമ്പോള്‍ ശരിയാക്കാം'  എന്നൊക്കെ പറഞ്ഞെങ്കിലും അടൂര്‍ ഉണ്ടോ വിടുന്നു.  എത്ര തവണ ശ്രമിച്ചിട്ടായാലും ഡയലോഗ് പറയിപ്പിച്ചേ അസീസിനെ വിട്ടുള്ളൂ അടൂര്‍.

'നിഴല്‍ക്കുത്തി'ല്‍ അഭിനയിക്കുമ്പോള്‍ മേയ്ക്കപ്പിട്ട് ഏറെനേരം ഒറ്റയ്ക്കു മാറിയിരുന്ന തന്നെ അടൂര്‍ എത്ര ശ്രദ്ധയോടെയാണ് നിരീക്ഷിച്ചിരുന്നതെന്ന് നടന്‍ ഇന്ദ്രന്‍സ് മനസ്സിലാക്കിയത് ഒരാള്‍ അതിനിടെ ഇന്ദ്രന്‍സിനോട് സംസാരിക്കാന്‍ എത്തിയപ്പോഴാണ്.  തന്‍റെ കഥാപാത്രമാകാന്‍ മാനസികമായി തയ്യാറെടുക്കുന്ന നടന്‍റെ അടുത്തെത്തിയയാളെ അടൂര്‍ ഓടിച്ചുവിട്ടു.  ഒരു നടന്‍റെ നിശബ്ദതയയില്‍ ജനിക്കേണ്ടതും വളരേണ്ടതുമായ കഥാപാത്രങ്ങളായിരുന്നു അടൂര്‍ സിനിമകളിലേത്.

ശാസ്താംകോട്ടയ്ക്ക് അടുത്ത് നാനാവിധമായ ഒരു നാലുകെട്ടിലായിരുന്നു എലിപ്പത്തായത്തിന്‍റെ ഷൂട്ടിങ്ങ്.  അടൂരിനെപ്പോലെത്തന്നെ ബുദ്ധിയുള്ള ഒരു ജീവിയാണ് അടൂരിന്‍റെ സിനിമയിലെ എലിയും.  ഒരു ഡസന്‍ എലികളെ ഏറ്റെടുക്കുക,  ഒരു മാസമെങ്കിലും നീണ്ടുനില്‍ക്കുന്ന ഷൂട്ടിങ്ങ് കാലത്ത് അവ ചാകാതെ നോക്കുക, ഇതായിരുന്നു അടൂര്‍ ഏറ്റെടുത്ത ആദ്യദൗത്യം.  ഒരു ആദിവാസി പെട്ടിയിലാക്കി കൊണ്ടുവന്ന എലികളില്‍ ഒന്നിനെ ഒരു പ്രത്യേക കൂട്ടിലാക്കി സൂക്ഷിക്കാന്‍ ഏര്‍പ്പാടാക്കി അടൂര്‍.  കെണിയില്‍ കുടുങ്ങിയ എലിയെ വെള്ളത്തില്‍ മുക്കിക്കൊല്ലുന്ന രംഗം ചിത്രീകരിക്കാനായിരുന്നു ഈ എലി. ഷൂട്ടിങ്ങ് കഴിഞ്ഞ് മോചിതരായിട്ടും എലികളൊക്കെ അടൂരിന് വിധേയരായി അവിടെ തുടര്‍ന്നു. അവരെ പൂച്ചയ്ക്കും പട്ടിക്കും കാക്കയ്ക്കും വിട്ടുകൊടുത്തില്ല അടൂര്‍.  ഓരോ എലിയും അതിന്‍റെ മാളം കണ്ടുപിടിച്ച് അപ്രത്യക്ഷമാകുന്നതുവരെ അദ്ദേഹം കാവല്‍ നിന്നത്രെ. 

ഭാഷാപോഷിണിയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ 'കാഴ്ചയുടെ സുവിശേഷം' എന്ന ജീവിതം എഴുത്തിന്‍റെ തുടക്കം ഇങ്ങനെയായിരുന്നു – ഞാന്‍ ഓര്‍ക്കുകയായിരുന്നു, തുടക്കം ഒട്ടും ഓര്‍ക്കുന്നില്ലല്ലോ എന്ന്. ഇത്തരം ചിരിയോര്‍മകള്‍ ഓര്‍‍ത്തെടുക്കാന്‍ അടൂരിന് വിഷമമുണ്ടാവില്ല. എവിടെ തുടങ്ങണം എന്നിടത്തുമാത്രമാവും ശങ്ക. അടുത്ത ചിത്രത്തെക്കുറിച്ചുള്ള ശങ്കയില്‍നിന്ന് അടൂര്‍ മോചിതനാവട്ടെ. അനന്തരം അതു സംഭവിക്കട്ടെ. ആശംസകള്‍‍.