ayitti

 

ഏറെ പരിതാപകരമാണ് കാസർകോട് ആയിറ്റിയിലെ ജലഗതാഗത വകുപ്പ് കാര്യാലയം. അറ്റകുറ്റപണി നടത്തേണ്ട സർവീസ് ബോട്ട് കായലിൽ മുങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ല. പാതി മുങ്ങിയ ബോട്ടില്‍ നിന്ന് ഇന്ധനമടക്കം ചോരുകയാണ്. 

 

ആയിറ്റിയിലെ ജലഗതാഗത വകുപ്പിന്‍റെ ഓഫിസ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന രണ്ട് ബോട്ടുകളില്‍ ഒന്നാണിത്. അറ്റകുറ്റ പണികൾക്കായി കെട്ടി നിർത്തിയ ബോട്ടിന്‍റെ പകുതിയിലേറെയും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഇതേ നില തുടർന്നാൽ ബോട്ട് തുരുമ്പെടുത്ത് ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കും. കൂടാതെ വെള്ളത്തിലായ ബോട്ടിൽ നിന്നും ഓയിലും മറ്റും കവ്വായി കായലിൽ കലരുകയുമാണ്. ബോട്ട് മുങ്ങി നശിക്കുന്നത് കണ്ട് നാട്ടുകാരിൽ പ്രതിഷേധമുയരുമ്പോഴും ജലഗതാഗത വകുപ്പിലെ ജീവനക്കാർക്ക് യാതൊരു അനക്കവുമില്ല.

 

അറ്റകുറ്റപണികൾക്കായി കരാർ ഏറ്റെടുത്തവർ എത്താതാണ് ബോട്ട് കായലിൽ മുങ്ങാൻ കാരണമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം. ബോട്ടുകൾ അറ്റകുറ്റപണികൾക്ക് വേണ്ടി കരയ്ക്ക് കയറ്റുവാനായി കോടികൾ ചെലവഴിച്ച് സ്ഥാപിച്ച സ്ലിപ്പ് വേയുടെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി. കനത്ത നഷ്ടത്തിലാണ് ആയിറ്റി മേഖലാ ഓഫിസ് കേന്ദ്രീകരിച്ച് ബോട്ട് സർവീസ് നടത്തി വരുന്നത്.